തളിപ്പറമ്പ് എഴാംമൈലില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥി മിഫ്‌സലു റഹ്മാന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈലിൽ വച്ചായിരുന്നു അപകടം.
മികച്ച ഫുട്‌ബോള്‍ കളിക്കാരനായ മിഫ്‌സാലു റഹ്മാന്‍ കോഴിക്കോട് ഇന്ന് രാവിലെ നടക്കുന്ന സര്‍വ്വകലാശാല ഫുട്‌ബോള്‍ ടീമിന്‍റെ സെലക്ഷനില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. കണ്ണൂരിലെത്തി തീവണ്ടിയില്‍ കോഴിക്കോടേക്ക് പോകാനാണ് ബൈക്കില്‍ പുറപ്പെട്ടത്. പാലക്കാട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ഡീലെക്‌സ് എയര്‍ ബസും മിഫ്‌സാലു റഹ്മാന്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ ദേശീയപാതയില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മിഫ്‌സാലു റഹ്മാനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിഫ്‌സാലു റഹ്മാന്‍ പ്രാദേശിക ക്ലബുകള്‍ക്കുവേണ്ടി ബൂട്ടണിയാറുണ്ട്. തളിപ്പറമ്പ് സയ്യിദ് നഗര്‍ പള്ളിക്ക് സമീപത്ത് താമസിക്കുന്ന 23കാരൻ പരിയാരം മെഡിക്കല്‍ കോളേജ് മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്.
മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്ന കെ.പി ഫസലൂ റഹ്മാനാണ് പിതാവ്. മാതാവ് പി.പി മുംതാസും മസ്‌ക്കറ്റിലാണ്. ഇവർ നാട്ടിലെത്തിയ ശേഷമായിരിക്കും ഖബറടക്കം.