പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18-ാം തീയതി വരെ നീട്ടി. 08.12.2022 ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് നീട്ടിയത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗൾ വിളിച്ചു ചേര്‍ത്ത അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സമയപരിധി നീട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അര്‍ഹരായ മുഴുവന്‍ ആളുകളെയും ചേര്‍ക്കുന്നതിനും മരണപ്പെട്ടവരേയും, താമസം മാറിയവരേയും വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിച്ച് പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. അവകാശങ്ങളും ആക്ഷേപങ്ങളും സംബന്ധിച്ച് തീരുമാനമെടുത്ത് അന്തിമ വോട്ടര്‍ പട്ടിക 05.01.2023ന് പ്രസിദ്ധീകരിക്കും.