ലോകകപ്പ് ആഘോഷം കഴിഞ്ഞതോടെ ഫുട്ബോൾ താരങ്ങളുടെ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷ്. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബോർഡുകളും കട്ടൗട്ടുകളും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നുണ്ട്. എല്ലാവരും ഇതിനായി മുന്നോട്ടു വരണമെന്ന് പറഞ്ഞാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ലോകകപ്പിൽ മുത്തമിട്ട് മെസി മടങ്ങുമ്പോൾ ഓരോ ഫുട്ബോൾ ആരാധകനും ആനന്ദത്തിന്റെ ലഹരിയിലാണ്. അർജന്റീനയ്ക്ക് വേണ്ടി കപ്പ് നേടാനുറച്ച് മെസിയും മെസിക്ക് വേണ്ടി കപ്പ് നേടാനുറച്ച് മെസ്സിയുടെ പടയാളികളും കളിക്കളത്തിൽ നിറഞ്ഞാടി.എല്ലായിടത്തും ആരാധകർ ആവേശത്തിലാണ്. മെസിയുടെ ജേഴ്‌സി ചൂടപ്പം പോലെയാണ് വിറ്റ് പോയിക്കൊണ്ടിരിക്കുന്നത്. ആരാധകരുടെ മെസിയോടുള്ള ആവേശത്തിന്റെ ദൃശ്യങ്ങളാണ് ലോകമെങ്ങും കാണാൻ കഴിയുന്നത്. പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമൊക്കെ മെസിയെ പറ്റിയുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മന്ത്രി എംബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ,
അതിഗംഭീരമായ ഒരു ലോകകപ്പ് നമ്മളെല്ലാം ചേർന്ന് ആഘോഷിച്ചു. ഖത്തറിലെ ആരവം ഒഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തെരുവുകളിൽ ആരാധകസംഘം ഉയർത്തിയ എല്ലാ പ്രചാരണ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ലോകകപ്പ് ആവേശത്തിൽ പങ്കുചേരുകയും അത് ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ, ഈ സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണം. എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു