തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റികര നഗരത്തില്‍ പട്ടാപ്പകല്‍ വൃദ്ധയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ബൈക്ക് ഇടിച്ച് തെറിപ്പിച്ച് ഗുരുതരമായി പരിക്കേറ്റ ലളിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൈകീട്ട് അഞ്ചരയോടെ നെയ്യാറ്റിന്‍കര നഗരത്തില്‍ അമ്മന്‍കോവിലിനടുത്താണ് സംഭവം നടന്നത്. കുറേയെറെ സമയം റോഡരികില്‍ നിന്ന് വാഹനങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പെരുമ്പഴുതൂര്‍ സ്വദേശി ലളിത റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചത്. പെട്ടെന്ന് വേഗതയില്‍ വന്ന ബൈക്ക് ലളിതയെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ലളിതയെ ആദ്യം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇടിച്ചിട്ട ബൈക്കിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നെയ്യാറ്റിന്‍കര നഗരത്തിലെ റോഡിന്‍റെ ഇരുവശത്തും ഇരുചക്ര വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ അപകടം പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.