ആലപ്പുഴ• എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ.മഹേശന്റെ മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ.അശോകൻ, മകനും വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി, എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.ഗൂഢാലോചന, ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. മൈക്രോഫിനാൻസ് കേസിൽ മഹേശനെ പ്രതിയാക്കിയതിൽ ഗൂഢാലോചനയെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതികൾ മഹേശനെ മാനസിക സമ്മർദത്തിലാക്കിയെന്നും എഫ്ഐആറിൽ ആരോപിക്കുന്നു. കഴിഞ്ഞദിവസം, മൂന്നു പേർക്കുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാന്‍ ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി (2) യുടെ ഉത്തവിട്ടിരുന്നു.മൂന്നുപേർക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ആരോപിച്ച് മഹേശന്റെ ഭാര്യ ഉഷാദേവി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ മൂന്നുപേരെക്കുറിച്ചും പരാമർശിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (2) കോടതി എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്. നേരത്തെ ഈ ആവശ്യവുമായി ഉഷാദേവി ആലപ്പുഴ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ഇത് ശരിവച്ച ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്ട്രേട്ട് കോടതിക്ക് നിർദേശം നൽകി. തുടർന്നാണ് ആലപ്പുഴ കോടതിയുടെ നടപടി.