വിതുര: പൊന്മുടി റൂട്ടിലെ പന്ത്രണ്ടാം വളവിൽ ഉണ്ടായ തകർച്ച പരിഹരിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ബസുകൾ ഇന്നു മുതൽ സർവീസ് നടത്തും. മുൻപ് ഉണ്ടായിരുന്ന വിതുര, നെടുമങ്ങാട്, നെയ്യാറ്റിൻകര, വെഞ്ഞാറമൂട് ഡിപ്പോകളിൽ നിന്നുള്ള എല്ലാ സർവീസുകളും ഇന്നു മുതൽ തന്നെ ഓപ്പറേറ്റ് ചെയ്യുമെന്നു കെഎസ്ആർടിസി അധികൃതർ അറിയിച്ചു.അതേ സമയം പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരം തുടങ്ങുന്നതു സംബന്ധിച്ചു തീരുമാനം വന്നിട്ടില്ല. വിനോദ സഞ്ചാരം ലക്ഷ്യം വച്ച് എത്തുന്ന സ്വകാര്യ വാഹനങ്ങളെ കല്ലാർ ഗോൾഡൻ വാലി ചെക് പോസ്റ്റിൽ തടയുന്ന രീതി തുടരും. അതേ സമയം കെഎസ്ആർടിസി ബസിൽ എത്തുന്ന സഞ്ചാരികൾക്കു ബസ് സർവീസ് അവസാനിപ്പിക്കുന്ന ലോവർ സാനിറ്റോറിയം വരെ പോകാനാകും. ഇവരെ പൊന്മുടി ചെക്പോസ്റ്റ് കടത്തി വിടില്ലെന്ന് വനം അധികൃതർ അറിയിച്ചു.