തൃശ്ശൂർ: അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനി ലോറി ഇടിച്ച് മരിച്ചു. ആമ്പല്ലൂര്‍ വടക്കുമുറി പുത്തന്‍പറമ്പില്‍ സുനിലിന്റെ മകള്‍ ശിവാനിയാണ് മരിച്ചത്. 14 വയസായിരുന്നു പ്രായം. റോഡില്‍ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ സുനില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവാനി. സ്‌കൂളിലെ വാര്‍ഷികാഘോത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി അങ്കമാലിയില്‍ നിന്ന് പോലീസ് പിടികൂടി. ലോറി ബൈക്കില്‍ ഇടിച്ചിട്ടില്ലെന്നും നിയന്ത്രണം വിട്ടാണ് ബൈക്ക് മറിഞ്ഞതെന്നുമാണ് ഡ്രൈവര്‍ പോലീസിന് നല്‍കിയ മൊഴി.