*സ്ഥലംമാറി വന്ന മാനേജര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടി താക്കോലുമായി മുങ്ങി*

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴില്‍ കാരേറ്റ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്ഥലംമാറ്റം കിട്ടിയ മാനേജര്‍ താക്കോല്‍ പുതിയ മാനേജര്‍ക്ക് കൈമാറാതെ പൂട്ടി സ്ഥലംവിട്ടു.

സാധനങ്ങള്‍ വാങ്ങാനാകാതെ ഉപഭോക്താക്കള്‍ വലഞ്ഞു.

തിങ്കളാഴ്ച രാവിലെ നാട്ടുകാര്‍ സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോഴാണ് പൊരിവെയിലില്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടായത്. നേരത്തേയുണ്ടായിരുന്ന മാനേജരെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്രമക്കേട് നടത്തി, വനിത ജീവനക്കാരോട് മോശമായി പെരുമാറി തുടങ്ങിയ പരാതിയെതുടര്‍ന്ന് സിവില്‍ സപ്ലൈസ് വകുപ്പ് കോഴിക്കോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

പകരമെത്തിയ മാനേജര്‍ക്ക് ചാര്‍ജ് കൈമാറാനോ താക്കോല്‍ കൈമാറാനോ കൂട്ടാക്കാതെ ഇദ്ദേഹം മുങ്ങിയെന്നാണ് പരാതി. പ്രതിഷേധം കനത്തതോടെ ഉന്നത ജീവനക്കാര്‍ സ്ഥലത്തെത്തി പൂട്ട് പൊളിച്ച്‌ സൂപ്പര്‍ മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ ഉച്ചയോടെ മാനേജര്‍ താക്കോല്‍ കൊടുത്തയച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്രമക്കേട് നടന്നെന്ന പരാതിയെതുടര്‍ന്ന് കഴിഞ്ഞ 21ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പഞ്ചസാര, ജീരകം, ഉഴുന്ന് തുടങ്ങിയ സാധനങ്ങള്‍ കൂടിയ അളവില്‍ ഇവിടെനിന്ന് മറിച്ചുവിറ്റതായി കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ സ്ഥലം മാറ്റിയത്.