ലിഫ്റ്റ് നൽകിയില്ല; വർക്കലയിൽ പുത്തൻ ബൈക്ക് യുവാവ് കത്തിച്ചതായി പരാതി

വർക്കല : വർക്കലയിൽ ലിഫ്റ്റ് നൽകാത്തതിന്റെ വൈരാഗ്യത്തെത്തുടർന്ന് സുഹൃത്തിന്റെ ബൈക്ക് കത്തിച്ചതായി പരാതി. വർക്കല പുല്ലാന്നികോട് വിനീത് ഭവനിൽ വിനീതിന്റെ 15 ദിവസം മുമ്പ് വാങ്ങിയ പുതിയ ബൈക്കാണ് പൂർണമായി കത്തിനശിച്ചത്. വീടിനോട് ചേർന്ന് മുൻവശത്താണ് ബൈക്ക് സൂക്ഷിച്ചിരുന്നത്. വീടിന്റെ മേൽക്കൂരയുടെ ഒരുഭാഗവും വയറിങ്ങും കത്തിനശിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച ശബ്ദം കേട്ടാണ് വിനീതിന്റെ വീട്ടുകാരും അയൽവാസികളും ഉണർന്നത്. തുടർന്ന് വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ബൈക്ക് കത്തി കരിഞ്ഞു. വീടിന്റെ മേൽക്കൂര തകര ഷീറ്റായിരുന്നു. തീ പടരാതിരുന്നത് ഒഴിവാക്കിയത് വൻ ദുരന്തമാണ്.അപകടം നടന്നതിന്റെ തലേ ദിവസം രാത്രി 10 വരെ വീടിനു സമീപത്തെ റോഡിൽ വിനീത് ഒരു കൂട്ടുകാരനുമായി സംസാരിച്ചു നിൽപ്പുണ്ടായിരുന്നു. പത്തുമണി കഴിഞ്ഞപ്പോൾ സുഹൃത്തിനെ അയാളുടെ സഹോദരിയുടെ വീട്ടിൽ വിനീതിന്റെ ബൈക്കിൽ കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ടു. വിനീത് അതിന് തയ്യാറായില്ല. അതിന്റെ വൈരാഗ്യത്തിൽ ബൈക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വിനീത് പോലീസിന് മൊഴി നൽകി. പ്രതിക്കായി അന്വേഷണം തുടരുകയാണ്.