സിനിമ താരം ഫിറോസ് ഖാന്റെ വീട് അടിച്ചു തകര്‍ത്തതായി പരാതി; ആരോപണം അടിസ്ഥാനരഹിതമെന്ന് കോണ്‍ട്രാക്ടര്‍

സിനിമ റിയാലിറ്റി ഷോ താരം ഫിറോസ് ഖാന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകര്‍ത്തതായി പരാതി. വീട് നിര്‍മ്മാണത്തിന് കരാറെടുത്ത കോണ്‍ട്രാക്ടറാണ് വീട് അടിച്ചു തകര്‍ത്തത് എന്നാണ് ഫിറോസ് ഖാനും ഭാര്യ സജ്‌നയും ആരോപിക്കുന്നത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.എന്നാല്‍ ഇവരുടെ ആരോപണം കോണ്‍ട്രാക്ടര്‍ നിഷേധിച്ചു. ഫിറോസ് ഖാന്റേയും സജ്‌നയുടേയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലായിരുന്നു.വീടിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കൊല്ലം സ്വദേശിയായ കോണ്‍ട്രാക്ടര്‍ ഷഹീര്‍ പറഞ്ഞുറപ്പിച്ച തുകയേക്കാള്‍ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇതു നല്‍കാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകര്‍ക്കുകയായിരുന്നു എന്നാണ് ഫിറോസും സജ്‌നയും പറയുന്നത്.സംഭവത്തില്‍ ഫിറോസ് കൊല്ലം ചാത്തനൂര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ വീട് അടിച്ചു തകര്‍ത്തുവെന്ന ആരോപണം കോണ്‍ട്രാക്ടറായ ഷഹീന്‍ നിഷേധിച്ചു. വീട് അടിച്ചു തകര്‍ത്തത് സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷഹീന്‍ പ്രതികരിച്ചു.