സ്വകാര്യ ബാങ്കില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍.

കൊല്ലം: പ്രമുഖ സ്വകാര്യ ബാങ്കിലെ അകൗണ്ടില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. പാരിപ്പള്ളി മുക്കട ചേരിയില്‍ ഫിറോസ് ഹൗസില്‍ ബദറുദ്ദീന്‍ മകന്‍ ഹഫീസ്(36) ആണ് ഗള്‍ഫില്‍ നിന്നും തിരികെ നാട്ടില്‍ എത്തിയപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്.

ശക്തികുളങ്ങരയിലെ പ്രമുഖ സ്വകാര്യ ബാങ്കില്‍ നിന്നും 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സ്ഥിരനിക്ഷേപം നടത്തിയിരുന്ന പതിനൊന്ന് അകൗണ്ടുകളില്‍ നിന്നാണ് തിരിമറി നടത്തി പണം അപഹരിച്ചത്. ഈ കാലയളവിലെ ശക്തികുളങ്ങര ശാഖയിലെ ബാങ്ക് മാനേജര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.     

ഈ കേസ്സിലെ അഞ്ചാം പ്രതിയായ തിരുവനന്തപുരം വെമ്പായം കൊഞ്ചിറ പോക്കുന്നില്‍ സജീബ് മന്‍സിലില്‍ അലി അക്ബര്‍ മകന്‍ സാജിദിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു.

പുതുതായി ബാങ്കില്‍ നിയമിതനായ മാനേജര്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വ്യാപ്തി തിരിച്ചറിയുന്നത്.

സ്വകാര്യ ബാങ്കിന്‍റെ ശക്തികുളങ്ങര ശാഖയില്‍ സ്ഥിരനിക്ഷേപമുണ്ടായിരുന്ന പതിനൊന്ന് അകൗണ്ടില്‍ നിന്നായി രണ്ട് കോടിയോളം രൂപ ഉടമകള്‍ അറിയാതെ ഓവര്‍ ഡ്രാഫ്റ്റായി പ്രതികള്‍ വ്യാജമായി നിര്‍മ്മിച്ച ഐ.ടി കമ്പനിയുടെ പേരിലുള്ള ബാങ്ക് അകൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഈ പണം അഞ്ചുപേരും ചേര്‍ന്ന് വീതിച്ചെടുക്കുകയും ചെയ്തു. ഇതുവഴി രണ്ട് കോടി പന്ത്രണ്ട് ലക്ഷത്തില്‍ പരം രൂപയുടെ(2,12,39,329/-) ബാധ്യതയാണ് ഇവര്‍ ബാങ്കിന് വരുത്തിയത്.

ഇവര്‍ പണമിടപാട് നടത്തിയ ഐടി കമ്പനി വ്യാജമായി നിര്‍മ്മിച്ചതാണെന്നും തട്ടിപ്പില്‍ ബാങ്ക് മാനേജര്‍ക്ക് സഹായം നല്‍കിയ നാലുപേര്‍ കൂടി ഉണ്ടെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും അഞ്ചാം പ്രതിയെ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നുള്ളു.

തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജര്‍ ഉല്‍പ്പെടെ ബാക്കിയുള്ളവര്‍ വിദേശരാജ്യത്തേക്ക് കടന്നിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയായ ഹഫീസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പിടികൂടാനായത്.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് വക്കുകയും ശക്തികുളങ്ങര പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യ്തു.

തുടര്‍ന്ന് ഇയാളെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ ബാക്കി പ്രതികളെ ഉടന്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് കൊല്ലം സിറ്റി പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു.           

കൊല്ലം എ.സി.പി അഭിലാഷ് എ യുടെ മേല്‍നോട്ടത്തില്‍ നിലവില്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറുടെ ചാര്‍ജ്ജ് വഹിക്കുന്ന അഞ്ചാലൂംമൂട് ഇന്‍സ്പെക്ടര്‍ ധര്‍മജിത്തിന്‍റെ നേതൃത്വത്തില്‍ എഎസ്ഐ മാരായ രാജേഷ്, അനില്‍കുമാര്‍, ബാബുക്കുട്ടന്‍, സി.പി.ഓ മാരായ ഹാരോണ്‍, ശ്രീകാന്ത്, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.