*സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ചിനകം പഞ്ചിംങ്‌ ഏര്‍പ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി*

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും അടുത്ത മാര്‍ച്ച്‌ 31നകം ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അന്ത്യശാസനം.
ജീവനക്കാരുടെ മുങ്ങിനടപ്പു തടയാന്‍ ശന്പള സോഫ്റ്റ്‌വേറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചു ഹാജര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നു മുന്‍പു പലതവണ നിര്‍ദേശം നല്‍കിയിട്ടും യൂണിയനുകളുടെ ഇടപെടലിനെത്തുടര്‍ന്നു മെല്ലെപ്പൊക്കിലായ സാഹചര്യത്തിലാണ് 2023 മാര്‍ച്ച്‌ 31നകം എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് സംവിധാനം നടപ്പാക്കണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഉത്തരവിറക്കിയത്.

ജില്ലാ കളക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, വകുപ്പു മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജനുവരി ഒന്നിനകം ബയോമെട്രിക് സംവിധാനം നടപ്പാക്കി ഹാജര്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. നിലവില്‍ സെക്രട്ടേറിയറ്റില്‍ മാത്രമാണു ഹാജര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഫലപ്രദമായി നടപ്പാക്കിയിട്ടുള്ളത്.

ഇവിടെ ജീവനക്കാര്‍ പഞ്ചിംഗ് നടത്തിയ ശേഷം മുങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം ജനുവരി ഒന്നു മുതല്‍ നടപ്പാക്കും. ഡിജിറ്റല്‍ വാതിലുകളില്‍ കാര്‍ഡ് ഉപയോഗിച്ചു പഞ്ച് ചെയ്തു മാത്രം ഓഫീസില്‍ കയറാനും ഇറങ്ങാനും കഴിയുന്ന സംവിധാനമാണിത്.

പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ അതതു വകുപ്പിലെ ഒരു അഡീഷണല്‍ സെക്രട്ടറിയെ അല്ലെങ്കില്‍ ജോയിന്‍റ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ന്‍റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തും.