_4.25 ലക്ഷത്തോളം അന്നദാനം നടത്തി_
ശബരിമല ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സൗജന്യ ഭക്ഷണവുമായി ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപങ്ങൾ സജീവം. പ്രതിദിനം ശരാശരി 22,000 ത്തോളം ഭക്തരാണ് മാളികപ്പുറത്തിന് സമീപം പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപത്തെ ആശ്രയിക്കുന്നത്. ഇന്നലെ (ഡിസംബർ 2) വരെ 50 ലക്ഷത്തോളം രൂപയാണ് അന്നദാനത്തിന് സംഭാവനയായി ലഭിച്ചത്.
ഒരേസമയം 3500 പേർക്ക് ഭക്ഷണം നൽകാനുള്ള അത്യാധുനിക സൗകര്യങ്ങളാണ് അന്നദാന മണ്ഡപത്തിൽ ഒരുക്കിയിരിക്കുന്നത്. ദിവസം മൂന്ന് പ്രാവശ്യം ഹാള്‍ മുഴുവന്‍ അണുവിമുക്തമാക്കി ശുചീകരിക്കുകയും ചെയ്യും. ഇതര സംസ്ഥാന ഭക്തർക്കായി മറ്റ് ഭാഷകളിലും അന്നദാന മണ്ഡപത്തിലെ ഭക്ഷണ വിതരണത്തെക്കുറിച്ച് അനൗണ്‍സ്മെന്റും നടത്തുന്നുണ്ട്.
പ്രഭാത ഭക്ഷണം ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവ രാവിലെ 6.30 മുതൽ 11 മണി വരെ വിതരണം ചെയ്യും. ഉച്ചക്ക് 12 മുതൽ 3.30 വരെ പുലാവ്, അച്ചാർ, സലാഡ്, ചുക്കു വെള്ളം എന്നിവ വിതരണം ചെയ്യും. രാത്രി ഭക്ഷണം 6.30 മുതൽ 11.15 വരെ കഞ്ഞി പയർ/അസ്ത്രം എന്നിവയും നൽകും.
ഭക്ഷണ വിതരണ ശേഷം പാത്രങ്ങൾ വൃത്തിയാക്കുന്നതിന് ഇലക്ട്രിക്കൽ ഡിഷ് വാഷ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു. 230 ജീവനക്കാരാണ് അന്നദാനം മണ്ഡപത്തിൽ ജോലി ചെയ്യുന്നത്. എല്ലാവരുടെയും കൃത്യമായ ആരോഗ്യ സുരക്ഷാ ദേവസ്വം ബോർഡ് ഉറപ്പാക്കുന്നുണ്ട്.
സ്റ്റീം സംവിധാനം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതിലൂടെ വളരെ വേഗത്തിലും ചിലവ് കുറച്ചും ഭക്ഷണം തയ്യാറാക്കാൻ സാധിക്കുന്നു. അത്യാഹിതം ഉണ്ടായാല്‍ നേരിടുന്നതിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉപകരണങ്ങളും അടുക്കളയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണത്തോടെയാണ് ജീവനക്കാരെ അടുക്കളയിലേക്ക് പ്രവേശിപ്പിക്കുന്നത്. പുറത്തുനിന്നുള്ളവർക്ക് ഇവിടേക്ക് പ്രവേശനമില്ല.