ദോഹ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ ബ്രസീല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ് ടിറ്റെ. 2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. 2019-ല്‍ ടിറ്റെയുടെ കീഴില്‍ ബ്രസീല്‍ കോപ്പ അമേരിക്ക ജേതാക്കളായിരുന്നു. 2020ലെ കോപ്പയില്‍ ചിരവൈരികളായ അര്‍ജന്റീനയോടും ടിറ്റെയുടെ ബ്രസീല്‍ ഫൈനലില്‍ തോറ്റിരുന്നു.
ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുമെന്ന് താന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നാണ് രാജി തീരുമാനത്തെ കുറിച്ച് ടിറ്റെ പ്രതികരിച്ചത്
2018 റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോടും ബ്രസീല്‍ തോറ്റിരുന്നു. ഇത്തവണ കപ്പ് നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്നില്‍ നിന്ന ശേഷമാണ് ബ്രസീല്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായത്. അധികസമയത്ത് ആദ്യം മുന്നിലെത്തിയ ബ്രസീല്‍ പിന്നീട് സമനില ഗോള്‍ വഴങ്ങുകയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയുമായിരുന്നു.