ആറ്റിങ്ങല്‍: കിഴുവിലം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ക്ഷീരകര്‍ഷക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം


ആറ്റിങ്ങല്‍: കിഴുവിലം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ക്ഷീരകര്‍ഷക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം. സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആര്‍. ശ്രീകണ്ഠന്‍ നായര്‍ നിര്‍വഹിച്ചു. മുടപുരം ക്ഷീരോല്‍പാദക സംഘത്തില്‍ സംഘം പ്രസിഡന്റ് എന്‍. വിശ്വനാഥന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് മെംബര്‍മാരായ പി. പവനചന്ദ്രന്‍, കടയറ ജയചന്ദ്രന്‍, സംഘം സെക്രട്ടറി ഷിജി എന്നിവര്‍ സംസാരിച്ചു. ക്ഷീരോല്‍പാദക സംഘങ്ങള്‍ വഴി 50 ശതമാനം സബ്‌സിഡി നിരക്കിലാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് ക്ഷീരസമൃദ്ധി, കന്നുകുട്ടി പരിപാലനം, സമഗ്ര വികസനം ലക്ഷ്യമിട്ട് പശുക്കളെ വാങ്ങുന്നതിന് സബ്‌സിഡി നല്‍കുന്ന വിധം ക്ഷീര ഗ്രാമം പദ്ധതി എന്നിവക്കും രൂപം നല്‍കിയിട്ടുണ്ട്.