നാടൻപാട്ട് ഗാനമേളക്കിടെ സംഘർഷം; രണ്ട് യുവാക്കൾക്ക് കുത്തേറ്റു, മൂന്നുപേര്‍ കസ്റ്റഡിയിൽ

ഹരിപ്പാട്: നാടൻപാട്ട് ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തില്‍ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കേസില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില് എടുത്തു. കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപത്തെ ജിംനേഷ്യത്തിന്റെ വാർഷിക ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. കരുവാറ്റ സ്വദേശികളായ രജീഷ് , ശരത്ത് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.രജീഷിനെയും ശരത്തിനെയും ബൈക്കിൽ എത്തിയ ആക്രമിസംഘം തടഞ്ഞുനിർത്തി മർദ്ദിക്കുകയും വയറിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കേസില്‍ ബിപിൻ, സഹോദരനായ ബിജിലാൽ, ഇവരുടെ സുഹൃത്ത് ജിതിൻകുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . അതേസമയം, നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ വിവരങ്ങളാണ് തൊടുപുഴയിൽ നിന്ന് പുറത്തുവന്നത്. രാത്രിയിൽ വാഹനാപകടം എന്ന് പറഞ്ഞ് സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചയാളുടേത് കൊലപാതകമാണെന്നാണ് തെളിഞ്ഞത്. തൊടുപുഴയ്ക്ക് സമീപം നാളിയാനിയിൽ മദ്യപിക്കുന്നതിനിടെ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് കണ്ടെത്തി. റബര്‍ വെട്ടുന്ന കത്തികൊണ്ട് കഴുത്തില്‍ കുത്തിയായിരുന്നു കൊലപാതകം നടത്തിയത്. കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പൂമാല നാളിയാനി കൂവപ്പള്ളി സ്വദേശി ഇടശ്ശേരിയിൽ സാം ജോസഫാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സാം ജോസഫ് ഉൾപ്പെടെ നാല് സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെ ത‍‍ർക്കം ഉണ്ടായപ്പോൾ ഒരാൾ കയ്യിലുണ്ടായിരുന്ന റബർ വെട്ടുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. സാം ജോസഫിന്‍റെ കഴുത്തിലാണ് കുത്ത് ഏറ്റത്. കുത്തേറ്റതിന് പിന്നാലെ സാമിനെ പ്രതികൾ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ എത്തുമ്പോഴേക്കും സാം മരിച്ചിരുന്നു. വാഹനാപകടത്തിലുള്ള പരിക്കാണ് കഴുത്തിലേതെന്നായിരുന്നു കൊണ്ടുവന്ന സുഹൃത്തുക്കൾ ആശുപത്രി അധികൃതരെ അറിയിച്ചത്.  എന്നാൽ സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് ആശുപത്രിയിലെത്തി. പൊലീസിനെ കണ്ടതോടെ പ്രതികള്‍ ഓടി രക്ഷപെടുകയായിരുന്നു