സംസ്ഥാന സ്കൂൾ കലോത്സവം: "കൊട്ടും വരയും" ശനിയാഴ്ച കോഴിക്കോട് ബീച്ചിൽ

കോഴിക്കോട്:  സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കൊട്ടും വരയും " പരിപാടി സംഘടിപ്പിക്കുന്നു. നാളെ (ഡിസംബർ 10) വൈകിട്ട് 5.30 ന് 61 പ്രാവുകളെ പറത്തി കൊണ്ട്  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് ബീച്ചിൽ പ്രചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അറുപത്തിയൊന്നാം സ്കൂൾ കലോത്സവത്തിന്‍റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന പരിപാടിയിൽ 61 വിദ്യാർത്ഥികൾ ബലൂണുകളുമായി അണിനിരക്കും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ  അഡ്വ. കെ എം സച്ചിൻ ദേവ് എം എൽ എ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ എന്നിവരുള്‍പ്പടെയുള്ള  61 ജനപ്രതിനിധികൾ ചടങ്ങിന്‍റെ ഭാഗമാകും.ചിത്രകാരന്മാരും വിദ്യാർത്ഥികളും പങ്കാളികളാകുന്ന പരിപാടിയിൽ ഓപ്പൺ ക്യാൻവാസ് തയ്യാറാക്കുന്നതിനൊപ്പം കലാ മണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളും അരങ്ങേറും. വിവിധ സബ്ബ് കമ്മിറ്റി ഭാരവാഹികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്ന് കൺവീനർ പി.എം. മുഹമ്മദലി, ജോ. കൺവീനർ കെ.കെ. ശ്രീഷു എന്നിവർ അറിയിച്ചു. 2023 ജനുവരി 3 മുതല്‍ ഏഴുവരെയാണ് ഈ വിദ്യാഭ്യാസ കലണ്ടറിലെ സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക. വിക്രം മൈതാനിയാണ് പ്രധാന വേദി. വിവിധ സ്കൂളില്‍ നിന്നായി 14,000 കുട്ടികള്‍ ഈ കലാകായിക മാമാങ്കത്തില്‍ പങ്കെടുക്കും. 1956 -ല്‍ ആരംഭിച്ച സ്കൂള്‍ കലോത്സവത്തിന് ഏഷ്യായിലെ ഏറ്റവും വലിയ കൗമാരമേളയെന്ന് വിശേഷണം കൂടിയുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കലാപ്രകടനങ്ങള്‍ക്കെത്തുന്നതെന്ന പ്രത്യേകയുമുണ്ട്. അവസാനമായി നടന്ന 60 -മത് സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കിയത് പാലക്കാട് ജില്ലയായിരുന്നു.