'ചായ മോശം മറ്റൊരെണ്ണം നല്‍കണ'മെന്ന് പറഞ്ഞു; അച്ഛനെയും മകനെയും തല്ലി തട്ടുക്കാരന്‍

തിരുവനന്തപുരം: ചായ മോശമാണെന്നും വേറെ ചായ നൽകണമെന്നും ആവശ്യപ്പെട്ട ഗ്യഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകട ഉടമ ക്രൂരമായി മർദ്ധിച്ചു. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശി സമീറിനും (43) മകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ സഅദി സമിയ്ക്കു (18) മാണ് മർദ്ധനമേറ്റത്. കഴക്കൂട്ടം ദേശീയപാത ഓരത്ത് തട്ടുകട നടത്തുന്ന നാസിമുദ്ദീനാണ് മർദ്ദിച്ചത്. മർദ്ധനത്തിൽ സമീറിന്‍റെ ചുണ്ടിന് പൊട്ടലേറ്റു. വലതു കൈക്കും പരിക്കേറ്റു. പരിക്കേറ്റ സമീർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകിട്ട് 6 മണിയോട് കൂടിയാണ് സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സമീറിന്‍റെ ഭാര്യ ആശുപത്രിയിൽ നിന്നും മടങ്ങവേ ചായ കുടിക്കുന്നതിനായി ദേശീയ പാതയോരത്തുള്ള നാസിമുദ്ദീന്‍റെ തട്ടുകടയിൽ നിര്‍ത്തി. തുടര്‍ന്ന് കുടിക്കാനായി ചായ നൽകിയപ്പോൾ ചായ മോശമാണെന്നും വേറൊരു ചായ വേണമെന്നും ആവശ്യപ്പെട്ടു. ഇത് നാസിമുദ്ദീനെ ചൊടിപ്പിച്ചു. തുടർന്ന് 'നിങ്ങൾക്കിവിടെ ചായ ഇല്ലാ'യെന്ന് സമീറിനോട് തട്ടുകട ഉടമയായ നാസിമുദ്ദീന്‍ പറഞ്ഞു. ഇതിനെ സമീറും മകനും ചോദ്യം ചെയ്തതിനെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്.വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വാക്കേറ്റം ഉന്തും തള്ളിമായപ്പോള്‍ നാസിമുദ്ദീന്‍ കടയിൽ ഉണ്ടായിരുന്ന സ്പൂൺ ഉപയോഗിച്ച് സമീറിന്‍റെ മുഖത്ത് അടിച്ചു. സംഭവം അറിഞ്ഞ് കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി സ്ഥലത്തെത്തി പരിക്കേറ്റവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സമീറിന്‍റെ പരാതിയിൽ നാസിമുദ്ദീനെതിരെ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തട്ടുകടയുടെ മുന്നിൽ ആംബുലൻസ് പാർക്ക് ചെയ്തതിന് ആംബുലൻസ് ഡ്രൈവറെ ചീത്തവിളിക്കുകയും ആംബുലൻസിന്‍റെ ടയർ കുത്തിക്കീറുകയും ചെയ്തതിന് നാസിമിനെതിരെ കഴക്കൂട്ടം പൊലീസ് മുമ്പ് കേസെടുത്തിട്ടുണ്ട്. പിതാവും മകനും തന്നെ ആക്രമിക്കാൻ വന്നതായി ചൂണ്ടിക്കാട്ടി നാസിമുദ്ദീനും കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.