തിരുവനന്തപുരം : ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം കോര്‍പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേളയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ഹരിത ഗ്രാമം ഒരുങ്ങി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ 10ഓളം കലാകാരന്മാര്‍ അഞ്ചു ദിവസമെടുത്താണ് ഹരിത ഗ്രാമം ഒരുക്കിയത്. പശ്ചിമഘട്ട സംരക്ഷണം, ശുചിത്വം, മാലിന്യ സംസ്‌കരണം എന്നീ ആശയങ്ങള്‍ വിളിച്ചോതുന്ന രീതിയിലാണ് ഹരിത ഗ്രാമം തയാറാക്കിയിട്ടുള്ളത്.
പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ വയലേലകളുടെ ഓരത്ത് ചായക്കടയും പെട്ടിക്കടയും കാളവണ്ടിയുമെല്ലാമുള്ള ഗ്രാമീണ കവലയാണ് ഹരിത ഗ്രാമം. വൃത്തിയുള്ള നാട്, വൃത്തിയുള്ള വീട്, വൃത്തിയുള്ള പരിസരം എന്ന സന്ദേശമാണ് ഹരിത ഗ്രാമം പങ്കുവെക്കുന്നത്. ശുചിത്വ സുന്ദരമായിരുന്ന നമ്മുടെ ഗ്രാമങ്ങളും മലിനീകരണ ഭീഷണി നേരിടുന്ന കാലഘട്ടത്തില്‍ ഗ്രാമങ്ങളെ ശുചിയായിത്തന്നെ സംരക്ഷിക്കുക എന്നതാണ് സന്ദേശം. ഹരിത ഗ്രാമത്തിലെ ചായക്കടയില്‍ നിന്നുള്ള ജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ ബയോബിന്നില്‍ സംസ്‌കരിക്കുന്നു. ബയോബിന്നില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് അടുക്കളത്തോട്ടത്തില്‍ ഉപയോഗിക്കുന്നു. ഇങ്ങനെ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിന്റെയും പുനരുപയോഗം സാധ്യമാക്കുന്നതിന്റെയും നല്ലപാഠങ്ങള്‍ ഹരിത ഗ്രാമം പങ്കുവെക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു കയ്യില്‍ നിന്നു വേസ്റ്റ് ബിന്നിലേക്ക് ഊര്‍ന്നുവീഴുന്ന ഇന്‍സ്റ്റലേഷനും ഹരിത ഗ്രാമത്തോടൊപ്പം ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ സംഭരിച്ച് ഹരിത കര്‍മ്മസേനയ്ക്കു കൈമാറി ശാസ്ത്രീയമായ സംസ്‌കരണം സാധ്യമാക്കുക എന്നതാണ് ഇന്‍സ്റ്റലേഷനിലൂടെ ഉദ്ദേശിക്കുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഹരിത ഗ്രാമത്തിലൂടെ വിളിച്ചുപറയുന്നുണ്ട്. സ്വച്ഛമായി ഒഴുകട്ടെ നമ്മുടെ നീര്‍ച്ചാലുകള്‍ എന്ന മുദ്രാവാക്യത്തോടെ ഹരിത കേരളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. പശ്ചിമഘട്ടത്തില്‍ നിന്നുള്ള സ്വാഭാവിക നീര്‍ച്ചാലുകളുടെ ഒഴുക്ക് മനുഷ്യന്റെ പലതരം ഇടപെടലുകളാല്‍ നിലച്ചിരിക്കുന്നു. മഴവെള്ളം ഒഴുകിപ്പോകുന്ന നീര്‍ച്ചാലുകള്‍ ഇല്ലാതായതോടെ വെള്ളം മണ്ണിലേക്കാഴ്ന്ന് ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നു. നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കാനായാല്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും. ഈ സന്ദേശവുമായാണ് സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന ആശയത്തോടെ പശ്ചിമഘട്ടത്തില്‍ നിന്നും ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലിന്റെ ദൃശ്യം ഹരിത ഗ്രാമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ജൈവ വൈവിധ്യ സംരക്ഷണ പരിപാടിയായ പച്ചത്തുരുത്തിന്റെ മാതൃകയും ഹരിത ഗ്രാമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുഷ്‌പോത്സവത്തിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായിമാറുകയാണ് ഹരിത ഗ്രാമം...