നാലുവരി, ആറുവരി ദേശീയപാതകളിൽ വേഗപരിധി കുറഞ്ഞ വാഹനങ്ങൾ ഇടതുട്രാക്കിലൂടെ പോകണമെന്ന നിയമം കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി വാളയാർ-വാണിയമ്പാറ ദേശീയപാതയിൽ ജില്ലാ റോഡ് സുരക്ഷ കൗൺസിൽ നടപടികൾ തുടങ്ങി.ചരക്കുവാഹനങ്ങൾ, സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വലിയ യാത്രാവാഹനങ്ങൾ, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങൾ. ഇവ ഇടതുട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ.മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോൾ മാത്രമേ വലതുട്രാക്കിലേക്ക് കയറാൻ പാടുള്ളൂ. തുടർന്ന് ഇടതുട്രാക്കിൽത്തന്നെ യാത്ര തുടരണം. വേഗപരിധി കൂടിയ കാർ, ജീപ്പ്, മിനി വാൻ തുടങ്ങിയവയ്ക്ക് വേഗത്തിൽ യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. അതേസമയം, ഇവ വേഗം കുറച്ചാണ് പോകുന്നതെങ്കിൽ ഇടതുട്രാക്ക് ഉപയോഗിക്കണം.നിയമം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി ഡ്രൈവർമാർക്ക് ലഘുലേഖകൾ വിതരണം ചെയ്തുതുടങ്ങി. തുടർന്നും നിയമം തെറ്റിച്ചാൽ നടപടിയെടുക്കും. ഇതോടൊപ്പം റോഡിൽ സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നതിനായി മോട്ടോർ വാഹനവകുപ്പും പോലീസും ദേശീയപാത അതോറിറ്റിയും ചേർന്ന് ദേശീയപാതയിൽ പരിശോധന നടത്തി.