അട്ടിമറിച്ചൂടറിഞ്ഞ് പോർ‌ച്ചുഗലും; ഞെട്ടിച്ച് ദക്ഷിണ കൊറിയ, പ്രീക്വാർട്ടറിൽ

ദോഹ• ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടറില്‍. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ദക്ഷിണ കൊറിയയുടെ വിജയം. അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർറ്റയിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും കിം യങ് ഗ്വോൺ (27), ഹ്വാങ് ഹീ ചാൻ (91) എന്നിവരിലൂടെ ദക്ഷിണ കൊറിയ ഗോള്‍ മടക്കി. ഗ്രൂപ്പിലെ യുറഗ്വായ് ഘാന പോരാട്ടത്തിൽ യുറഗ്വായ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു ജയിച്ചെങ്കിലും കൂടുതൽ ഗോളുകൾ അടിച്ചതിന്റെ അടിസ്ഥാനത്തിൽ കൊറിയ മുന്നേറുകയായിരുന്നു. കൊറിയയ്ക്കും യുറഗ്വായ്ക്കും നാലു പോയിന്റുകൾ വീതമാണുള്ളത്.

അടിക്ക് തിരിച്ചടിച്ച ആദ്യ പകുതി

അഞ്ചാം മിനിറ്റില്‍ റികാർ‍ഡോ ഹോർറ്റയിലൂടെ പോർച്ചുഗൽ മുന്നിലെത്തിയപ്പോൾ 27–ാം മിനിറ്റിൽ‌ കിം യങ് ഗ്വോണിലൂടെ ദക്ഷിണ കൊറിയ തിരിച്ചടിച്ചു. പ്രീക്വാർട്ടർ ഉറപ്പിച്ച പോർച്ചുഗൽ കഴിഞ്ഞ മത്സരം കളിച്ച ടീമിൽനിന്ന് ആറു മാറ്റങ്ങളുമായാണ് ദക്ഷിണ കൊറിയയെ നേരിട്ടത്. എന്നാൽ തുടക്കം മുതൽ ആത്മവിശ്വാസത്തോടെ കളിച്ച പോർച്ചുഗൽ അഞ്ചാം മിനിറ്റിൽ മുന്നിലെത്തി. റിക്കാർഡോ ഹോർറ്റയുടെ മികച്ചൊരു ഫിനിഷിങ്ങിൽ പോർച്ചുഗൽ ലീഡെടുത്തു. ഡീഗോ ഡാലറ്റ് പാസ് ചെയ്തു നൽകി പന്ത് പിടിച്ചെടുത്ത് ഹോർറ്റ ഫസ്റ്റ്ടൈം ഷോട്ടെടുക്കുകയായിരുന്നു. ഹോർറ്റയുടെ ലോകകപ്പിലെ ആദ്യ മത്സരമാണിത്.
17–ാം മിനിറ്റിൽ കിം ജിന്‍ സുവിലൂടെ ദക്ഷിണ കൊറിയ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 27–ാം മിനിറ്റിൽ ദക്ഷിണ കൊറിയ പോർച്ചുഗലിനെതിരെ സമനില ഗോൾ നേടി. ദക്ഷിണ കൊറിയയുടെ കോർണർ ക്ലിയർ ചെയ്യാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സാധിക്കാതെ പോയതോടെ പന്ത് കിം യങ് ഗ്വോന് ലഭിച്ചു. കൊറിയ പ്രതിരോധ താരം മികച്ചൊരു വോളിയിലൂടെ ലക്ഷ്യം കണ്ടു. 29–ാം മിനിറ്റിൽ റൊണാൾഡോയുടെ ഷോട്ട് കൊറിയൻ ഗോളി കിം സ്യുങ് ഗ്യു രക്ഷപ്പെടുത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു

പോർച്ചുഗൽ ഞെട്ടിയ രണ്ടാം പകുതി
ആദ്യ പകുതിയെക്കാൾ മികച്ച ആക്രമണങ്ങളാണു രണ്ടാം പകുതിയുടെ തുടക്കത്തിൽ പോർച്ചുഗൽ നടത്തിയത്. എന്നാൽ രണ്ടാം ഗോളടിച്ചത് കൊറിയ. 56–ാം മിനിറ്റിൽ ദക്ഷിണ കൊറിയൻ ക്യാപ്റ്റൻ സൺ ഹ്യുങ് മിന്നിനു ലഭിച്ച അവസരം പോർച്ചുഗൽ പ്രതിരോധ താരം അന്റോണിയോ സിൽവ തടഞ്ഞിട്ടു. തുടർന്ന് കൊറിയയ്ക്കു ലഭിച്ച കോർണറിൽ ലീ ജെ സങ് ഷോട്ടെടുത്തെങ്കിലും പന്തു പുറത്തേക്കുപോയി.70–ാം മിനിറ്റിലും ദക്ഷിണ കൊറിയയ്ക്ക് സുവർണാവസരം ലഭിച്ചു. കിം ജിൻ സുവിന്റെ പാസിൽ സൺ ഹ്യുങ് മിന്നിന്റെ വോളി പോർച്ചുഗൽ ഗോളി തട്ടിയകറ്റി. നിശ്ചിത സമയമായ 90 മിനിറ്റ് അവസാനിച്ചപ്പോഴാണ് പോർച്ചുഗലിനെ ഞെട്ടിച്ച് കൊറിയ ലീഡെടുത്തത്. 91–ാം മിനിറ്റിൽ കൊറിയന്‍ ക്യാപ്റ്റൻ സൺ ഹ്യുങ് മിന്നിന്റെ കൗണ്ടർ ആക്രമണത്തിലായിരുന്നു ഗോൾ. സണ്ണിന്റെ അളന്നു മുറിച്ച പാസ് ഹ്വാങ് ഹീ ചാന്‍ വലയിലെത്തിച്ചു. തിരിച്ചടിക്കാൻ പോര്‍ച്ചുഗലിനു സാധിക്കാതെ പോയതോടെ ജയം കൊറിയയ്ക്കു സ്വന്തം. ജയത്തോടെ എച്ച് ഗ്രൂപ്പിൽനിന്ന് രണ്ടാമൻമാരായി ദക്ഷിണ കൊറിയ പ്രീക്വാർട്ടർ ഉറപ്പിച്ചു.