തിരുവനന്തപുരം: കിഴക്കേകോട്ടയിൽ റൂട്ട് തെറ്റിച്ചത് ചോദ്യം ചെയ്തു; കെ.എസ്.ആർ.ടി.സി ഡ്രൈവരെ സ്വകാര്യ ബസ് ഡ്രൈവർ മർദിച്ചു

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ കെ എസ് ആർ ടി സി ഡ്രൈവർക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മർദനം . പേരൂർക്കട ഡിപ്പോയിലെ ഡ്രൈവർ പി.ജെ.ജലജ കുമാറിനാണ് മർദനമേറ്റത്. റൂട്ട് തെറ്റിച്ച് വന്നത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന് ജലജ കുമാർ പറഞ്ഞു.രാവിലെ 10 മണിക്കാണ് സംഭവം. വഴയിലയിൽ നിന്ന് മെഡിക്കൽ കോളജ് വരെ സര്‍വീസ് നടത്താന്‍  അനുമതിയുള്ള ബസ് റൂട്ട് തെറ്റിച്ച് കിഴക്കേക്കോട്ടയിലേക്കും സർവീസ് നടത്തുകയായിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്തപ്പോഴാണ് കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചത്. ബസിനുള്ളിൽ വെച്ചും ബസിൽ നിന്ന് പുറത്തേക്കിറക്കി മർദിച്ചെന്നും ജലജ കുമാർ ഫോർട്ട് പൊലീസിനും ആർ.ടി.ഒക്കും നൽകിയ പരാതിയിൽ പറയുന്നു.പരിക്കേറ്റ  ഡ്രൈവർ ജലജ കുമാർ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തെത്തുടർന്ന് ഏറെനേരം ഗതാഗത തടസവുമുണ്ടായി. സ്ഥിരമായി സ്വകാര്യ ബസ് റൂട്ട് തെറ്റിക്കുന്നെന്ന് കാണിച്ച് നേരത്തെയും ഈ ബസിനെതിരെ ആർ.ടി.ഒക്ക് പരാതി നൽകിയിട്ടുണ്ടായിരുന്നു. സ്വകാര്യ ബസ് ഫോർട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഡ്രൈവർ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.