ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി; ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും താരം

കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെക്കുറിച്ചുള്ള പരാമർശത്തിൽ നടൻ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. 2018 സിനിമയുടെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച് ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്. ഇങ്ങനെയുള്ള പ്രയോഗങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണെന്നും താരം പോസ്റ്റിൽ സൂചിപ്പിച്ചു.കഴിഞ്ഞ ദിവസം ജൂഡിന്റെ പുതിയ ചിത്രം 2018ന്റെ ടീസര്‍ ലോഞ്ചിനിടെയാണ് വിവാദപരാമര്‍ശമുണ്ടായത്. ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനം രൂക്ഷമായത്. മമ്മൂട്ടി നടത്തിയത് ബോഡി ഷെയ്മാണെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് സൂപ്പര്‍താരത്തിനെതിരെ രംഗത്തെത്തിയത്.

മമ്മൂട്ടിയുടെ വാക്കുകളിൽ ചിലർ വിമർശനവുമായി രംഗത്തെത്തിയെങ്കിലും പ്രതികരണവുമായി ജൂഡ് തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുതെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജൂഡ് പറഞ്ഞത്.