അവസാനം മെസ്സി തന്നെ അത് പറഞ്ഞു, ഞായറാഴ്ച തൻ്റെ അവസാന ലോകകപ്പ് മത്സരം

ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയവുമായാണ് അര്‍ജന്‍റീന ഫൈനലിലെത്തിയത്. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടി. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും വല ചലിപ്പിച്ചു. ആല്‍വാരസിനെ ഫൗള്‍ ചെയ്തതിനായിരുന്നു മെസിയുടെ പെനാല്‍റ്റി ഗോള്‍. 69-ാം മിനുറ്റില്‍ മെസിയുടെ ലോകോത്തര അസിസ്റ്റിലായിരുന്നു മത്സരത്തില്‍ ആല്‍വാരസിന്‍റെ രണ്ടാം ഗോള്‍. ഗോളും അസിസ്റ്റുമായി കളംനിറഞ്ഞ ലിയോണൽ മെസിയാണ് മാന്‍ ഓഫ് ദ് മാച്ച്. ഗോളടിച്ചും ഗോളടിപ്പിച്ചും മെസി ഒരിക്കൽക്കൂടി അർജൻറീനയുടെ സ്വപ്‌നങ്ങൾ ചുമലിലേറ്റി. ഞായറാഴ്‌ചത്തെ ഫൈനല്‍ ലോകകപ്പ് കരിയറിലെ തന്‍റെ അവസാന മത്സരമാകുമെന്ന് മെസി പറഞ്ഞു.”കാൽപന്ത് ലോകത്തെ മഹാപ്രതിഭയ്ക്കായി അരങ്ങുകളെല്ലാം ഒരുങ്ങുകയാണ്. ഡിസംബർ പതിനെട്ടിന് ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിലെ പൊട്ടാത്ത പൂട്ടുകൾ ഒരിക്കൽക്കൂടി പൊട്ടിച്ചാൽ മെസിയെ കാത്തിരിക്കുന്നത് ലോകകപ്പ് എന്ന അനശ്വരതയാണ്.