കൂട്ടുകാരോടൊപ്പം കരമനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. അരുവിക്കരയ്‌ക്കു സമീപം കളത്തറ കൽക്കുഴി അജിത ഭവനിൽ നെടുമങ്ങാട് കോടതിയിലെ ജീവനക്കാരിയായ അജിതകുമാരിയുടെ ഏകമകൻ എ.എസ്.അക്ഷയ് (19) ആണ് മരിച്ചത്. വട്ടിയൂർക്കാവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫോട്ടോഗ്രാഫി പഠിക്കുന്ന അക്ഷയും സുഹൃത്തുക്കളുമടങ്ങുന്ന ഏഴംഗ സംഘം
ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനായി ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ അരുവിക്കര ഡാമിനു സമീപത്തെ പാർക്കിൽ ഒത്തുചേർന്നു. തുടർന്ന് പഴയ പോലീസ് സ്റ്റേഷനടുത്തുള്ള 110 കെ.വി.സബ്ബ് സ്റ്റേഷനു സമീപത്തെ കരമനയാറ്റിൽ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ അക്ഷയ് ഒഴുക്കിൽപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലെ ഷട്ടറുകൾ തുറന്നിരുന്നതിനാൽ ആറ്റിൽ നല്ല ഒഴുക്കുണ്ടായിരുന്നു. കൂട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും അക്ഷയിനെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് സ്കൂബാ ടീം അംഗങ്ങൾ സ്ഥലത്തെത്തി ആറര മണിയോടെ മൃതദേഹം പുറത്തെടുത്തു. മെഡിക്കൽ കോളേജിലേയ്ക്കു മാറ്റിയ മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അരുവിക്കര പോലീസ് കേസെടുത്തു.