വിഴിഞ്ഞം സമവായത്തിലേക്ക്; മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
December 05, 2022
വിഴിഞ്ഞത്തിന് സമവായത്തിന് ഊര്‍ജിതനീക്കം. സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സാധ്യത തെളിയുന്നു. സമരം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു. വൈകിട്ട് അഞ്ചുമണിക്ക് മന്ത്രിസഭാ ഉപസമിതി യോഗം ചേരും. അതിനിടെ മന്ത്രി ആന്‍റണി രാജു മാര്‍ ക്ലിമ്മിസ് കാതോലിക്കാ ബാവയെ കണ്ടു. ചര്‍ച്ചയ്ക്ക് ശേഷം ആന്‍റണി രാജു മുഖ്യമന്ത്രിയെ കാണുന്നുവിഴിഞ്ഞം തുറമുഖം പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള സമയം അതിക്രമിച്ചെന്ന് സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്നത്തെ ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം, ഒരു വിഭാഗത്തിന്‍റെ മാത്രം പ്രശ്നമായി കാണരുതെന്നും കര്‍ദിനാള്‍ കൊച്ചിയില്‍ പറഞ്ഞു.വിഴിഞ്ഞത്തെ വിഷയങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കാത്തത് നിഗൂഢമെന്ന് കെസിബിസി. രാഷ്ട്രീയ നേതൃത്വം കൈയൊഴിയഞ്ഞതോടെയാണ് സഭ സമരം ഏറ്റെടുത്തതെന്നു വക്താവും ഡെപ്യൂട്ടി സെക്രട്ടറിയുമായ ഫാദർ ജേക്കബ് പാലക്കപ്പിള്ളി. സമരത്തെ വർഗീയമായി ചിത്രീകരിക്കാൻ നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുന്നു. സർക്കാരിന്റെ ഭാഗത്തു നിന്ന് അത്തരം ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്നും കെസിബിസി ആവശ്യപ്പെട്ടു. കൊച്ചിയിൽ ഇന്ന് ആരംഭിക്കുന്ന കെ.സി.ബി.സി ശീതകാല സമ്മേളനത്തിൽ പ്രധാന ചർച്ചയിലൊന്ന് വിഴിഞ്ഞം ആയിരിക്കുമെന്നും ജേക്കബ് പാലക്കപ്പിള്ളി വ്യക്തമാക്കി.