ശിവഗിരി തീര്‍ത്ഥാടനം : ജ്യോതി പ്രയാണം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്നുംപുറപ്പെടും

ശിവഗിരി തീര്‍ത്ഥാടനം :
 ജ്യോതി പ്രയാണം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്നും
തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇക്കൊല്ലത്തെ ദിവ്യജ്യോതി പ്രയാണം ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ച കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.

മലബാര്‍ മേഖലയില്‍ ഗുരുദേവന്‍ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചിട്ടുള്ള കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ചാണ് ഓരോ വര്‍ഷവും ജ്യോതി പ്രയാണം നടക്കുക.

ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം പ്രസിഡന്‍റ് പി. വി. ചന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതിനായി തുടര്‍ നടപടികള്‍ കൈക്കൊണ്ടു. ക്ഷേത്രയോഗം ജനറല്‍ സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബു, ജോയിന്‍റ് സെക്രട്ടറി സജീവ് സുന്ദര്‍ എന്നിവര്‍ പ്രസംഗിച്ചു.  

ക്ഷേത്രയോഗം ഭരണസമിതിയംഗം എം.വി. ജഗന്നാഥന്‍ (ക്യാപ്റ്റന്‍), കെ. ആര്‍ ജനീഷ് (ചെയര്‍മാന്‍) ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മപ്രചരണ സഭ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.പി. രാമനാഥന്‍ (ജനറല്‍ കണ്‍വീനര്‍), ദിനേശന്‍ കളരിക്കണ്ടി (കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന സ്വാഗതസംഘം നേതൃത്വം നല്‍കും. ക്ഷേത്രത്തില്‍ നിന്ന് 26 ന് തിരിച്ച് കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെ പ്രയാണം നടത്തി 29 ന് വൈകിട്ട് ശിവഗിരിയില്‍ മഹാസമാധിയില്‍ വച്ച് ശിവഗിരി മഠം ഭാരവാഹികള്‍ക്ക് ജ്യോതി കൈമാറും.

ജ്യോതി കടന്നുപോകുന്ന മേഖലകളില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളും പൊതുസമൂഹവും വരവേല്‍പ്പ് നല്‍കി സഹകരിക്കണമെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവര്‍ അറിയിച്ചു.