ദില്ലി: ചന്ദ്രബോസ് വധക്കേസിൽ കുറ്റവാളിയായ മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെയാണ് സംസ്ഥാനത്തിന്റെ അപ്പീൽ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാൽ വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ നിഷാമിന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഭ്രാന്തമായ ആക്രമണമാണ് ചന്ദ്രബോസിനു നേരേ നിഷാം നടത്തിയതെന്നാണ് വിധിയില്‍ ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന സര്‍ക്കാര്‍ വാദത്തോട് ഹൈക്കോടതി വിയോജിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. അതിക്രൂരമായ ആക്രമണമാണ് നിഷാം ചന്ദ്രബോസിന് നേരെ നടത്തിയത്. സാക്ഷി മൊഴികളിൽ നിന്ന് ഹൈക്കോടതിക്ക് ഇത് വ്യക്തമായതാണ്. മുൻകാല ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് നിഷാം. പരിക്കേറ്റ് മൃത്യപ്രായനായ ചന്ദ്രബോസിനെ നേരെ വീണ്ടും ആക്രമണം നടത്തി. മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് നിഷാം നടത്തിയത്. മുൻവൈരാഗ്യത്തോടെയാണ് പ്രതിയുടെ നടപടി. ശിക്ഷയിലൂടെ പരിഷ്ക്കരിക്കാനാകുന്ന വ്യക്തയല്ല നിഷാമെന്നും അപ്പീലിൽ സംസ്ഥാനം വ്യക്തമാക്കുന്നുണ്ട്. സമൂഹത്തിന് വിപത്തും ഭീഷണിയുമാണ് നിഷാമെന്നും സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ സമർപ്പിച്ച അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തെ കേസിൽ അപ്പീൽ സമർപ്പിക്കാൻ സംസ്ഥാനസർക്കാരിന് നിയോമോപദേശം കിട്ടിയിരുന്നു. ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശ്ശൂര്‍ സെഷന്‍സ് കോടതി മുഹമ്മദ് നിഷാമിന് വിധിച്ചത്.പിഴത്തുകയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദേശിച്ചിരുന്നു. വിചാരണ കോടതിയുടെ വിധി ഹൈക്കോടതി പൂര്‍ണമായും ശരിവെച്ചരുന്നു. നേരത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ കനത്ത വിമർശനത്തോടെ സുപ്രീം കോടതി തള്ളി.