സന്ധിവാതമുള്ളവര്‍ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങള്‍...

പലരുടെയും നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളിയായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. ആർത്രോ എന്നാൽ സന്ധി (ജോയിന്റ്). സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെ പോലും ആർത്രൈറ്റിസ് ബാധിക്കാം. ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളിൽ വേദന, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന മുതലായവ പൊതുവെ ശ്രദ്ധിക്കേണ്ടതാണ്. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്. ഡയറ്റിലെ ചില ചെറിയ കരുതലുകളും ഒരു പരിധി വരെ സന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകളെ ലഘൂകരിക്കും. അത്തരത്തില്‍ സന്ധിവാതമുള്ളവര്‍ ഈ മഞ്ഞുകാലത്ത് ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

 ഒന്ന്

വെളുത്തുള്ളി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'ഡയാലില്‍ ഡൈസള്‍ഫൈഡ്‌' എന്ന ഘടകം സന്ധിവാതത്തോട്‌ പൊരുതാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

 രണ്ട്
സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവാതമുള്ളവര്‍ക്ക്‌ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നല്‍കും.

 മൂന്ന്

 ഒലീവ് ഓയിൽ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാചകത്തിന് വെളിച്ചെണ്ണയ്ക്കു പകരം ഒലീവ് ഓയിൽ ശീലമാക്കിയാൽ അസ്ഥികളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

 നാല്

നട്സും വിത്തുകളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഇവ സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നല്‍കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത, ചിയ സീഡ്സ്, ഫ്ലക്സ് സീഡ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

 അഞ്ച്

ഗ്രീന്‍ ടീ ആണ് അടുത്തത്. എല്ലാ ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത്  സന്ധിവാതമുള്ളവര്‍ക്ക്‌ നല്ലതാണ്.   ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ അസ്ഥികൾക്ക് ബലം നൽകും. 

 ആറ്

പാലും പാലുത്പന്നങ്ങളും ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിന്‍ എ, ഡി, കാത്സ്യം തുടങ്ങിയവ ലഭിക്കാന്‍ പാലും തൈരുമൊക്കെ ധാരാളമായി കഴിക്കാം. ഇവയൊക്കെ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.