ലഹരി വസ്തു ഉപയോഗിക്കാൻ വിസമ്മതിച്ചതിന് വർക്കലയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം


വർക്കല കിഴക്കേപ്പുറം , ഇ.പി. കോളനി സ്വദേശിയായ ജുബിൻ (15) എന്ന പ്ലസ് വൺ വിദ്യാർത്ഥിയാണ് ലഹരി മാഫിയയുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായത്.


വീടിനു സമീപത്തുള്ള കുളത്തിൽ കുളിക്കാനായിപ്പോയ ജുബിനോട് വഴിയരികിൽ ഇരുന്ന നാലംഗസംഘം ബീഡി വലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച ജുബിനോട് ഇത് കഞ്ചാവാണെന്നും വലിച്ചാൽ നല്ല സുഖം കിട്ടും എന്നും പറയുകയുണ്ടായി. എന്നാൽ ജൂബിൻ അതിനു വിസമ്മതിച്ച് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

തൊട്ടടുത്ത ദിവസം അതായത്,
ഇക്കഴിഞ്ഞ ഡിസംബർ മൂന്നാം തീയതി ഏകദേശം മൂന്നുമണിയോടുകൂടി നാലംഗ സംഘം ജുബിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന ജുബിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

അക്രമികളിൽ ഒരാളിന്റെ കയ്യിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ചായിരുന്നു ജുബിന്റെ വയറ്റിലും കവിളിലും മാരകമായി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂക്കിലും ചെവിയിൽ നിന്നും രക്തം വാർന്നൊലിച്ച് അവശ നിലയിലായിരുന്നു കുട്ടി. ജൂബിന്റെ നിലവിളി കേട്ട് വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും ജൂബിന്റെ മാതാപിതാക്കൾ ഓടിയെത്തിയപ്പോൾ ആക്രമി സംഘങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു.

അയിരൂർ സ്വദേശികളായ സെയ്ദ് (18), വിഷ്ണു (18), ഹുസൈൻ (18 )
 അൽ അമീൻ (18 ) എന്നിവരായിരുന്നു അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്

ഉടൻതന്നെ അബോധാവസ്ഥയിലായിരുന്ന ജുബിനെയും കൂട്ടി പിതാവ് കുട്ടപ്പൻ വർക്കല അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തുകയും പരാതി നൽകുകയും ചെയ്തു.

ചെവിയിൽ നിന്നും രക്തം വാർന്നൊലിക്കുന്നത് കണ്ട് പോലീസ് കുട്ടിയെ പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കുവാൻ ആവശ്യപ്പെട്ടു.

 അതും പ്രകാരം വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

എന്നാൽ അയിരൂർ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തി. 

സംഭവം നടന്നതിനുശേഷം നാലാം തീയതി കുട്ടിയുടെ മൊഴിയെടുക്കുന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ മൊഴിയെ നിസ്സാര വൽക്കരിച്ചു വീടിനുള്ളിൽ കയറി ആക്രമിച്ചു എന്നത് വീടിൻറെ വെളിയിൽ വച്ച് ആക്രമിച്ചു എന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത് നാട്ടുകാരെയും വീട്ടുകാരെയും ആശങ്കയിലാക്കി.

സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞ പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ല എന്നും ലഹരി മാഫിയയെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നുമാണ് പരക്കെ ആക്ഷേപം. 

വർക്കലയിലെ ഇലകമൺ,കിഴക്കേപ്പുറം, ഇ പി . കോളനി, പ്രദേശങ്ങളിൽ ലഹരിവസ്തുക്കൾ വ്യാപകമായി വിപണനവും ഉപയോഗവും നടക്കുന്നുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.