തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ രാവിലെ 9.30 ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ പ്രാഥമിക ഘട്ടത്തിൽ വിജയികളാകുന്നവര്‍ 1.30 ന് ഗ്രാന്‍റ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും. നാലു മണിക്ക് സമാപന സമ്മേളനത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി നിലവിലുള്ളതും ഇല്ലാത്തതുമായ സ്കൂളുകളിലെ ഒന്‍പത്, പത്ത് ക്ലാസുകളില്‍ നിന്ന് 1,30,000 കുട്ടികളാണ് ജില്ലാതല ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്തത്. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 3300 കുട്ടികള്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തു. ഇവരിലെ വിജയികളാണ് ശനിയാഴ്ച രാവിലെ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഇവരില്‍ നിന്ന് പ്രാഥമികഘട്ടം വിജയിക്കുന്ന 18 കുട്ടികള്‍ അടങ്ങിയ ആറ് ടീമുകൾ ഉച്ചയ്ക്ക് ശേഷം സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കും.
ഇതോടൊപ്പം തന്നെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കാണികൾക്കായി ലഹരിവിരുദ്ധ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
ഒന്നാം സമ്മാനം നേടുന്ന ടീമിന് 25,000 രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയുമാണ് നല്‍കുന്നത്. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും.
വിവിധ ജില്ലകളില്‍ നിന്നായി അഞ്ഞൂറില്‍പരം സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും അവരുടെ മാതാപിതാക്കളും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും പരിപാടികളില്‍ സംബന്ധിക്കും. ഉദ്ഘാടന-സമാപന സമ്മേളനങ്ങള്‍, ഫൈനല്‍ ക്വിസ് മത്സരം എന്നിവ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് എന്നിവയുടെ ഫെയ്സ്ബുക്ക് പേജില്‍ തത്സമയം കാണാം.
#keralapolice #statepolicemediacentre