ഇ.പിക്ക് കടുത്ത അതൃപ്തി; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്ന് സൂചന

കണ്ണൂർ • സിപിഎം സംസ്ഥാന സമിതിയിൽ തനിക്കെതിരെ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനു കടുത്ത അതൃപ്തി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കൺവീനർ സ്ഥാനത്തുനിന്ന് ഒഴിയുമെന്ന‌ാണു സൂചന. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി പങ്കെടുത്തേക്കില്ല. എന്നാൽ, അന്നേദിവസം കോഴിക്കോട്ട് നടക്കുന്ന ഐഎൻഎൽ പരിപാടിയിൽ പങ്കെടുക്കും.മൊറാഴയിലെ വൈദേകം റിസോർട്ടിൽ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്നാണ് പി.ജയരാജൻ പറഞ്ഞത്. പാർട്ടിയുടെ താൽപര്യത്തിൽ‌നിന്നും നാടിന്റെ താൽപര്യത്തിൽനിന്നും വ്യതിചലിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ‌ പാർട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, വിവാദ റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പി.ജയരാജന്റെ ഭാര്യയും മകനും അംഗമാണെന്ന രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. 2014ലാണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ 3 കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തത്. 11 അംഗ ഡയറക്ടർ ബോർഡാണുള്ളതെന്ന് കമ്പനിയുടെ മാസ്റ്റർ ഡേറ്റയിൽ പറയുന്നു. കമ്പനിക്ക് 6.65 കോടി രൂപ വരെ നിക്ഷേപം ഉണ്ടായിട്ടുണ്ട്. ഇ.പിയുടെ മകൻ ജയ്സനാണ് കമ്പനിയിൽ ഏറ്റവുമധികം (2,500) ഓഹരിയുള്ള ഡയറക്ടർ.