കുളത്തൂര്‍ കുത്തരി: പ്രാദേശികമായി അരി ഉത്പാദിപ്പിക്കാനൊരുങ്ങി കുളത്തൂര്‍

ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തമായി അരി ഉത്പാദിപ്പിക്കാനൊരുങ്ങി കുളത്തൂര്‍. കുളത്തൂര്‍ കുത്തരി എന്ന പേരില്‍ വില്‍പന നടത്തുന്ന അരിയുടെ വിതരണോദ്ഘാടനം കെ ആന്‍സലന്‍ എം എല്‍ എ നിര്‍വഹിച്ചു. കുളത്തൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നെല്ലിക്കോണം പാടശേഖരത്തില്‍ നിന്നും സംഭരിച്ച നെല്ല് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കുത്തരിയാക്കി മാറ്റുകയും കുളത്തൂര്‍ കുത്തരി എന്ന ബ്രാന്‍ഡില്‍ പ്രാദേശികമായി വിപണിയില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു കിലോ അരിക്ക് 50 രൂപയാണ് വില. ഇതിന്റെ ലാഭവിഹിതം പാടശേഖരസമിതിക്കാണ് ലഭിക്കുക. 10 ഹെക്ടര്‍ നെല്‍പ്പാടത്താണ് നിലവില്‍ നെല്ല് കൃഷി ചെയ്തിരിക്കുന്നത്. ഇത് ഒരു തുടര്‍ പദ്ധതിയായി മുന്നോട്ട് കൊണ്ടുപോകാനാണ് കൃഷിഭവന്‍ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങില്‍ കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സുധാര്‍ജ്ജുനന്‍ അദ്ധ്യക്ഷത വഹിച്ചു.