ദില്ലി: വീണ്ടും കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ജനം കടുത്ത ജാഗ്രതയിൽ. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. പല നഗരങ്ങളിലും പത്ത് ഇരട്ടി വരെയാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചത്. മൂക്കിലൂടെ നല്കുന്ന വാക്സീൻ കൊവിൻ ആപ്പിൽ ഉൾപ്പെടുത്തി. വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാൻ സൗകര്യം ഒരുക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.ആഗോളതലത്തിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത ജാഗ്രത തുടരുകയാണ് കേന്ദ്രം. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. വിമാനത്താവളങ്ങളിൽ ഇന്നലെ മുതൽ രണ്ട് ശതമാനം യാത്രക്കാരിൽ പരിശോധന തുടങ്ങി. ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കി. എല്ലാ ആശുപത്രികളിലും കോവിഡ് മോക്ഡ്രിൽ നടത്താൻ ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ആരോഗ്യ മന്ത്രി വീണ്ടും യോഗം വിളിച്ചുചേർക്കും എന്നാണ് വിവരം.ചൈന, ജപ്പാൻ, തായ്ലാൻഡ്, ഹോങ്കോംഗ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഇപ്പോൾ ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയത്. രോഗികളേയും രോഗലക്ഷണങ്ങളുള്ളവരേയും ക്വാറൻറീനിൽ പ്രവേശിപ്പിക്കും. ഇത് കൂടാതെ ഇന്ന് മുതൽ വിദേശത്ത് നിന്നുള്ള വിമാനങ്ങളിലെ 2 ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങി. ഇതിൽ പോസിറ്റിവാകുന്ന സാമ്പികളുകൾ ജനിതകശ്രേണീകരണത്തിന് അയക്കും. നിലവിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടില്ല. ഒരാഴ്ച്ച കൊവിഡ് വ്യാപനം നിരീക്ഷിച്ച ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിക്കുക.