ശബരിമല: ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്തു സേവനമുനഷ്ഠിക്കുന്ന പോലീസ് സേനാ ഉദ്യോഗസ്ഥരുടെ കർപ്പൂരാഴി ഘോഷയാത്ര ഭക്തിസാന്ദ്രമായി നടന്നു. ദീപാരാധനയ്ക്ക് ശേഷം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു. തുടർന്നു പുലിവാഹനമേറിയ അയ്യപ്പന്റെയും ദേവതകളുടേയും കാവടിയാട്ടത്തിന്റെയും വിളക്കാട്ടത്തിന്റെയും മയിലാട്ടത്തിന്റെയും അകടമ്പടിയോടെ ആരംഭിച്ച കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധിയിലും തുടർന്ന് നടപ്പന്തലിലും എത്തി. പതിനെട്ടാം പടിയ്ക്കുതാഴെ ഘോഷയാത്ര സമാപിച്ചു. പുലിപ്പുറത്തേറിയ മണികണ്ഠൻ, പന്തളരാജാവ്, വെളിച്ചപ്പാട്, വാവർ സ്വാമി, പരമശിവൻ, പാർവതി, സുബ്ര്ഹ്മണ്യൻ, ഗണപതി, മഹിഷി, ഗരുഡൻ തുടങ്ങിയ ദേവതാവേഷങ്ങളും വാദ്യമേളങ്ങളും വർണക്കാവടികളും അണിനിരന്ന ഘോഷയാത്ര വൈകിട്ട്് സന്നിധാനത്തു തടിച്ചുകൂടിയ ഭക്തസഹസ്രങ്ങൾക്ക് ഉത്സവക്കാഴ്ചയായി.
സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫിസർ ആർ. ആനന്ദ്, അസിസ്റ്റന്റ് സ്പെഷൽ ഓഫീസർ പി. നിതിൻ രാജ്, ഡിവൈ.എസ്.പിമാരായ സി.പി. അശോകൻ, പി.കെ. ശിവൻകുട്ടി, കെ.ഐ. സജിമോൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുത്തു.