നമ്മുടെയെല്ലാം വീടുകളിൽ വളർത്തുമൃഗങ്ങളിൽ പൂച്ചയ്ക്കും നായക്കും തന്നെയാണ് കൂടുതൽ പരിഗണന. പലപ്പോഴും ഇവ പുറത്തുനിന്നും പല സാധനങ്ങളും വീട്ടിലേക്ക് കൊണ്ടുവരാറുമുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ നല്ല മുട്ടൻ പണി കിട്ടാൻ വേറൊന്നും വേണ്ട. കാരണം പൂമ്പാറ്റയും പല്ലിയും മുതൽ പാമ്പിനെ വരെ ഇവർ ഇങ്ങനെ കൊണ്ടുവരാം. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കഴിഞ്ഞദിവസം ഒരു പൂച്ച തൻറെ വീട്ടിലേക്ക് കടിച്ചു വലിച്ചുകൊണ്ടുവന്ന സാധനം കണ്ട് വീട്ടുടമസ്ഥൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി എന്ന് വേണം പറയാൻ. കാരണം പൂച്ച കടിച്ചു കൊണ്ടുവന്നത് ഒരു ചീങ്കണ്ണിയുടെ തലയാണ്.അമേരിക്കയിലെ വിസ്കോൺസിനിൽ ആണ് സംഭവം. വീസ്ഹ്യൂഗൽ എന്നയാളുടെ പൂച്ചയാണ് ഇത്തരത്തിൽ ചീങ്കണ്ണിത്തല വീട്ടിൽ വലിച്ചുകൊണ്ടു വന്നത്. ബേൺഡ് ടോസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന തൻറെ പ്രിയപ്പെട്ട പൂച്ചക്കുട്ടി ഏറെ പ്രയാസപ്പെട്ട് എന്തോ കടിച്ചു വലിച്ചു കൊണ്ടുവരുന്നത് കണ്ടാണ് വീസ്ഹ്യൂഗൽ ശ്രദ്ധിച്ചത്. ആദ്യം അതൊരു മത്സ്യമായിരിക്കുമെന്നാണ് താൻ കരുതിയതെങ്കിലും അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ചീങ്കണ്ണിയുടെ തലയാണെന്ന് തനിക്ക് മനസ്സിലായത് എന്നാണ് ഇവർ പറയുന്നത്.
“എങ്ങനെയാണ് തൻറെ പൂച്ചക്കുട്ടിക്ക് കിട്ടിയത് എന്ന കാര്യം ഇവർക്ക് വ്യക്തമല്ല. ചീങ്കണ്ണിയുടെ തലയോട്ടിയുടെ ഒരു ഭാഗം ഭാഗികമായി നശിച്ചു പോയിരുന്നു. വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ ഇവർ വിവരമറിയിക്കുകയും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൂന്നടി നീളമുള്ള ചീങ്കണ്ണിയുടെ തല ആയിരിക്കാനാണ് സാധ്യതയെന്നും കണ്ടെത്തി.
എന്നാൽ, വിസ്കോൺസിനിൽ ചീങ്കണ്ണികൾ ഉള്ളതായി ഇതുവരെയും ആരും സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ആരെങ്കിലും വീട്ടിൽ വളർത്തിയ ചീങ്കണ്ണിയുടേതായിരിക്കാനാണ് സാധ്യത എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്