നിർദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിനായി അതിർത്തി അടയാളപ്പെടുത്തുന്ന പ്രാഥമിക ജോലികൾ തുടങ്ങി. വ്യാഴാഴ്ച വിഴിഞ്ഞം ഭാഗത്ത് തലക്കോട് ഭാഗത്താണ് ആദ്യം പോയിന്റുകൾ അടയാളപ്പെടുത്തിയത്. വെള്ളിയാഴ്ച കല്ലിട്ടു തുടങ്ങും.
ഭോപ്പാൽ ഹൈവേ എൻജിനിയറിങ് കൺസൾട്ടൻറ് എന്ന സ്ഥാപനമാണ് കല്ലിടുന്നത്. കിറ്റ്‍കോയെ മാറ്റിയാണ് ഭോപ്പാൽ ഏജൻസിയെ ദേശീയപാത അതോറിറ്റി ഏൽപ്പിച്ചത്. രണ്ടുമാസം കാലാവധിയാണ് ഏജൻസിക്ക് നൽകിയിരിക്കുന്നത്. 2.25 കോടി രൂപയുടെതാണ് കരാർ. കാലാവസ്ഥ പ്രതികൂലമായാൽ കല്ലിടൽ നീളുമെന്ന് ഏജൻസി, ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിലെ വികസന പുരോഗതിയിൽ നാഴിക കല്ല് ആകുംഎന്ന ചൂണ്ടി കാണിക്കപ്പെടുന്ന ഒന്നാണ് റിംഗ് റോഡ്.റോഡ് കടന്ന് പോകുന്നതിന് സമാന്തരമായി വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യപ്പെട്ട് വരുന്നത്.ഇത് റോഡ് കടന്ന് പോകുന്ന മേഖലയിലെ ജനങ്ങൾക്ക് വൺ നേട്ടമാകും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.അതിനാൽ തന്നെ റിംഗ് റോഡിനോട് ആദ്യം ഉണ്ടായിരുന്ന ജനങ്ങളുടെ എതിർപ്പ് ഇപ്പോൾ കുറഞ്ഞിട്ടുമുണ്ട്.
അതിനിടെ നാലുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കാനുള്ള രണ്ടാംഘട്ട വിജ്ഞാപനവും പുറത്തിറക്കി. വിഴിഞ്ഞം, വിളപ്പിൽ വില്ലേജുകളിലെ ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങളാണ് പുറത്തിറക്കിയത്. 23 ഹെക്ടറാണ് രണ്ടാംഘട്ട വിജ്ഞാപനപ്രകാരം ഏറ്റെടുക്കുക.
ആദ്യഘട്ടത്തിൽ 324.75 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് ഇറങ്ങിയത്. എഴുന്നൂറിലധികം പരാതികളാണ് ലഭിച്ചത്. ഹിയറിങ് ഉടൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കല്ലിടൽ തുടങ്ങുന്ന സാഹചര്യത്തിൽ സ്ഥലമെടുപ്പിനുള്ള ഓഫീസുകൾ വേഗം അനുവദിക്കണമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
സിൽവർലൈൻ പദ്ധതിക്ക് സ്ഥലമേറ്റെടുക്കേണ്ട യൂണിറ്റുകളെ സർക്കാർ തിരിച്ചുവിളിച്ചതോടെ ഇതിൽ നാല് യൂണിറ്റുകളെയാണ് ഔട്ടർ റിങ് റോഡ് റോഡിലേക്ക് മാറ്റിനിയമിക്കുക.