പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ മരണം: കിരണിന്റേത് ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം • ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് പൊലീസ്. കൊലപാതകമെന്ന കിരണിന്റെ ബന്ധുക്കളുടെ പരാതി തള്ളിക്കൊണ്ടാണ് വിഴിഞ്ഞം പൊലീസിന്റെ കണ്ടെത്തല്‍. പ്രണയനൈരാശ്യത്തിനൊപ്പം പെണ്‍സുഹൃത്തിന്റെ ബന്ധുക്കളുടെ മര്‍ദനവും ജീവനൊടുക്കാന്‍ കാരണമായെന്ന നിഗമനത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഉടന്‍ കുറ്റപത്രം നല്‍കും. പെണ്‍കുട്ടിയുടെ സഹോദരന്‍ ഹരി, സഹോദരീ ഭര്‍ത്താവ് രാജേഷ് എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുക.പെണ്‍കുട്ടിയുടെ ബന്ധുക്കളെ പേടിച്ച് കിരണ്‍ ഓടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്. എന്നാല്‍ കൊലപാതകമോ അപകടമരണമോ അല്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്നോടിയ കിരണ്‍‍ കടലില്‍ ചാടി ജീവനൊടുക്കി എന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

കൊലപാതകമല്ലെന്നതിനു പൊലീസ് പറയുന്ന തെളിവുകള്‍

1) കടലില്‍നിന്ന് അരകിലോമീറ്റര്‍ അകലെവച്ച് മര്‍ദിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കിരണിനെ പിന്തുടര്‍ന്നിട്ടില്ലെന്ന സാക്ഷിമൊഴികള്‍.
2) കിരണ്‍ ഭയന്നോടുന്ന സിസിടിവി ദൃശ്യങ്ങളുണ്ടങ്കിലും കിരണിന് പിന്നാലെയാരും വരുന്നില്ലെന്ന് ആ ദൃശ്യങ്ങളില്‍ വ്യക്തമാണ്.


ആത്മഹത്യയെന്ന് ഉറപ്പിക്കാന്‍ 3 തെളിവുകൾ


1) കിരണിനെ പോലൊരാള്‍ കടലിലേക്ക് ചാടുന്നത് കണ്ടതായി ആ സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്ന 2 സാക്ഷികളുടെ രഹസ്യമൊഴി.

2) ആത്മഹത്യയ്ക്ക് സമാനരീതിയില്‍ കിരണിന്റെ ചെരുപ്പ് പാറക്കെട്ടുകളില്‍നിന്ന് ലഭിച്ചു.

3) കിരണിന് പ്രണയനൈരാശ്യമുണ്ടായിരുന്നുവെന്ന സുഹൃത്തുക്കളുെട മൊഴി.