ഫുട്‌ബോള്‍ അതിന്റെ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു….; മെസിക്കും എംബാപെയ്ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് പെലെ

അജയ്യരായി ഖത്തറിന്റെ മണ്ണില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കും മെസിക്കും അഭിനന്ദനവുമായി ഫുട്‌ബോള്‍ ഇതിഹാസം പെലെ. 36 വര്‍ഷത്തിന് ശേഷം അര്‍ജന്റീനയ്ക്ക് വേണ്ടി കപ്പുയര്‍ത്തിയ മെസിക്കും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ കിലിയന്‍ എംബാപ്പെയ്ക്കും പെലെ അഭിനന്ദനങ്ങള്‍ നേര്‍ന്നു.‘ഇന്നും, ഫുട്‌ബോള്‍ അതിന്റെ കഥ എപ്പോഴത്തെയുംപോലെ ആവേശകരമായ രീതിയില്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. താന്‍ അര്‍ഹിക്കുന്നത് പോലെ മെസ്സി തന്റെ ലോകകപ്പ് സ്വന്തമാക്കി. എന്റെ പ്രിയ സുഹൃത്ത്, എംബാപ്പെ ഫൈനലില്‍ മൂന്ന്‌ ഗോളുകള്‍ നേടി. നമ്മുടെ കായികരംഗത്തിന്റെ ഭാവിയിലേക്കുള്ള സമ്മാനമാണ് ഈ കാഴ്ച. അവിശ്വസനീയമായ പ്രകടനത്തിന് മൊറോക്കോയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ആഫ്രിക്ക തിളങ്ങുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. അഭിനന്ദനങ്ങള്‍ അര്‍ജന്റീന! തീര്‍ച്ചയായും ഡീഗോ ഇപ്പോള്‍ പുഞ്ചിരിക്കുന്നു…’ പെലെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.ഗോള്‍വേട്ടയില്‍ പെലെയെ മറികടന്നിരിക്കുകയാണ് ലയണല്‍ മെസി. ലോകകപ്പില്‍ 13 ഗോളുകളാണ് മെസി നേടിയിരിക്കുന്നത്. അര്‍ജന്റീനയുടെ ആകെ ഗോള്‍ നേട്ടം 98 ആണ്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ കളിക്കാരനായി ഈ ലോകകപ്പോടെ മെസി മാറി. ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ ഗോള്‍ സ്‌കോററുമാരുടെ പട്ടികയില്‍ മെസി നാലാം സ്ഥാനവും നേടി. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ ഒന്നാം സ്ഥാനത്തും ബ്രസീലിന്റെ റൊണാള്‍ഡോ രണ്ടാമതുമാണ്. ജര്‍മ്മനിയുടെ ഗെര്‍ഡ് മുള്ളര്‍ (14) പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്‍ മെസിക്കൊപ്പം നാലാം സ്ഥാനത്തുമാണ്.ഫുട്ബാള്‍ ചരിത്രം കണ്ട ഇതിഹാസകാരന്മാരില്‍ അഗ്രഗണ്യരിലൊരാളായ മെസി ലോകപോരാട്ട വേദിയില്‍ അവസാന മത്സരം കളിച്ചുതീര്‍ത്തപ്പോള്‍ മറഡോണയില്‍ നിര്‍ത്തിയ വിജയ ചരിത്രമാണ് കാലം മിശിഹായുടെ പൂര്‍ത്തിയാക്കുന്നത്. ആവേശം നുരഞ്ഞുപൊന്തിയ ഖത്തര്‍ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മിശിഹാ നിറവേറ്റിയത്.