തലചായ്ക്കാൻ ഇടമില്ല; റെയിൽവേ സ്റ്റേഷനുകളിൽ അഭയം തേടി ദമ്പതികൾ

കൊല്ലം • തലചായ്ക്കാൻ ഇടമില്ലാതെ 3 മാസത്തോളമായി റെയിൽവേ സ്റ്റേഷനുകളിൽ മാറിമാറി കഴിയുകയാണ് അഞ്ചാലുംമൂട് സ്വദേശികളായ ദമ്പതികൾ. തൃക്കരുവ പഞ്ചായത്തിലെ ഞാറയ്ക്കലിലെ ഉണ്ണിക്കൃഷ്ണനും (53), ഭാര്യ രാധ(53) യുമാണു 3 ദിവസമായി കൊല്ലം റെയിൽവേ പ്ലാറ്റ്ഫോമിൽ കഴിയുന്നത്. 3 മാസത്തോളമായി അങ്കമാലി, ആലുവ തൊട്ടു തമിഴ്നാടിലെ നാഗൂർ റെയിൽവേ സ്റ്റേഷനിൽ വരെ ഇരുവരും തങ്ങിയിട്ടുണ്ട്. അവസ്ഥ കണ്ടു സുമനസ്സുകൾ വാങ്ങി നൽകുന്ന ടിക്കറ്റുകളിലാണു യാത്രയും സ്റ്റേഷനിലെ വാസവും.സ്വന്തം നാടായതിനാലും പരിചയക്കാർ ഉണ്ടാകുമെന്നതിനാലുമാണു കൊല്ലത്തേക്കു വരാതിരുന്നത്. ഇവിടെത്തിയ ശേഷവും ഒരു തവണ തിരുവനന്തപുരത്തു പോയി മടങ്ങി വന്നു. പ്ലാറ്റ്ഫോമിൽ കഴിയുമ്പോൾ പലപ്പോഴും പൊലീസ് പുറത്താക്കും. രാധ ബെഞ്ചിലും താഴെ തുണി വിരിച്ച് അതിൽ ഉണ്ണിക്കൃഷ്ണനും കിടക്കുകയാണു പതിവ്. റെയിൽവേ സ്റ്റേഷനിൽ കഴിയാൻ പറ്റാതിരിക്കുമ്പോൾ ബസ് സ്റ്റാൻഡിലേക്കു മാറും.കഴിഞ്ഞ സെപ്റ്റംബർ 9നാണു വാടക കൊടുക്കാൻ കഴിയാത്തതിനാൽ ചെറുമൂട്ടിലെ ലോഡ്ജിൽ നിന്ന് ഇറക്കി വിട്ടത്. ഒരു മാസം മാത്രമേ അവിടെ താമസിച്ചിരുന്നുള്ളൂവെങ്കിലും അന്നത്തെ വാടകയായ 4500നു പകരം 6000 രൂപയാണ് ഉടമ ഇപ്പോൾ ആവശ്യപ്പെടുന്നത്. പോകാൻ മറ്റൊരിടമില്ലാത്തതിനാൽ തെരുവിലേക്ക് അന്നിറങ്ങിയതാണ് ഇരുവരും. ആവശ്യ സാധനങ്ങളും വസ്ത്രങ്ങളും രേഖകളുമെല്ലാം ലോഡ്ജിലായതിനാൽ ഉടുക്കാൻ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു.ഏതു ജോലി ചെയ്യാനും സന്നദ്ധനായ രാധാകൃഷ്ണന് ആലുവയിൽ ഹോം നഴ്സായി ജോലി ശരിയായിട്ടുണ്ട്. എന്നാൽ വാടകക്കുടിശിക നൽകാനില്ലാത്തതിനാൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ എടുക്കാൻ കഴിഞ്ഞിട്ടില്ല. രോഗിയായ ഭാര്യ രാധയെ സുരക്ഷിതമായി ഒരിടത്തു പാർപ്പിക്കാൻ കഴിഞ്ഞാൽ ഉണ്ണിക്കൃഷ്ണനു ജോലിക്കു പോയി ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയും. ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിച്ചിരുന്നെങ്കിലും നടന്നില്ല.ഭക്ഷണത്തിനും വലിയ ബുദ്ധിമുട്ടാണ് ഇരുവരും നേരിടുന്നത്. ആരെങ്കിലും വാങ്ങി നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇവർ ജീവിക്കുന്നത്. പ്രമേഹം, മുട്ടുവേദന, രക്തം കട്ട പിടിക്കൽ തുടങ്ങിയ രോഗങ്ങളുള്ള രാധയ്ക്കും മുട്ടുവേദനയുള്ള ഉണ്ണിക്കൃഷ്ണനും മരുന്നും കഴിക്കേണ്ടതുണ്ട്.വാടക കുടിശിക അടച്ചു തങ്ങളുടെ സാധനങ്ങളെടുത്തു രാധയെ സുരക്ഷിതമായ എവിടെയെങ്കിലും പാർപ്പിക്കണമെന്നാണ് ഉണ്ണിക്കൃഷ്ണന്റെ ആഗ്രഹം. എങ്കിൽ ബാക്കി കാര്യങ്ങൾ ജോലി ചെയ്തു ശരിയാക്കാനാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. ഉണ്ണിക്കൃഷ്ണന്റെ ഫോൺ നമ്പർ: 9072110937.