തിരുവനന്തപുരം: അടച്ചിട്ട വീട്ടിൽ കയറി സാനിട്ടറി ഫിറ്റിംഗ്സുകളും വയറുകളും മോഷണം നടത്തുന്ന പ്രതി പിടിയിൽ. ശ്രീകാര്യം പോങ്ങുംമൂട് ചേന്തിയിൽ ശ്യാം (21) നെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിക്ക് പ്രശാന്ത് നഗർ സ്വദേശി ഡോ. ജയകുമാറിന്റെ വീട്ടിൽ കയറി വീട്ടിലുണ്ടായിരുന്ന പൈപ്പുകളും വയറുകളും മോഷണം നടത്തുന്നതിനിടയിലാണ് ശ്യാം പിടിയിലാകുന്നത്.സംഭവ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. പൈപ്പുകൾ മോഷ്ടിക്കുന്നതിന് വേണ്ടി ശ്യാം വീട്ടിനുള്ളിലെ മുഴുവൻ സാനിട്ടറി സാധനങ്ങളും അടിച്ച് പൊട്ടിച്ച് നശിപ്പിച്ചു. വലിയ ശബ്ദം കേട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പൊലീസ് എത്തിയപ്പോൾ ശ്യാം മോഷ്ടിച്ച സാധനങ്ങൾ ഓട്ടോയിൽ കയറ്റി രക്ഷപ്പെടാൻ ഒരുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ശ്രീകാര്യം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.മോഷ്ടിച്ച സാധനങ്ങൾ കടത്താൻ ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശ്യാമിനെതിരെ ശ്രീകാര്യം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ ഉണ്ടെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. മോഷ്ടിച്ച സാധനങ്ങൾ ആക്രി കടയിൽ കൊണ്ട് വിൽക്കുകയാണ് ഇയാളുടെ പതിവ്. അടുത്തിടെ പ്രദേശത്ത് സമാന രീതിയിൽ മോഷണങ്ങൾ നടന്നതിനാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.