കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തുതല കേരളോത്സവത്തിന് പരിസമാപ്തി. മൂന്ന് ദിവസങ്ങൾ നീണ്ടുനിന്ന കലാകായിക മത്സരങ്ങളിൽ നൂറ് കണക്കിന് പ്രതിഭകൾ മാറ്റുരച്ചു. സമാപന സമ്മേളനം ഒ. എസ് അംബിക എം. എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഏറ്റവും അധികം പോയിന്റുകൾ നേടി മടവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. കിളിമാനൂർ ഗവ. എച്ച്.എസ്.എസ്, കിളിമാനൂർ ആർ.ആർ.വി.എച്ച്.എസ്.എസ്, പളളിക്കൽ പഞ്ചായത്ത് വോളിബോൾ ഇൻഡോർ കോർട്ട്, സെഴ്സ് ബാഡ്മിന്റൺ കോർട്ട്, വെളളം കൊളളി, കരവാരം പഞ്ചായത്ത് സ്വിമ്മിംഗ് പൂൾ, ബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. ബിജുകുമാർ, ബേബി രവീന്ദ്രൻ, ടി. ആർ മനോജ്, ബ്ലോക്ക് ഡിവിഷൻ മെമ്പർമാർ ഉൾപ്പടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.