*കാലാവധി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ; കാറിനും ബൈക്കിനും ദീര്‍ഘകാല ഇന്‍ഷുറന്‍സ് വരുന്നു*

 കാറുകൾക്ക് മൂന്നുവർഷത്തെയും ഇരുചക്രവാഹനങ്ങൾക്ക് അഞ്ചുവർഷത്തെയും കാലാവധിയുള്ള വാഹന ഇൻഷുറൻസ് പദ്ധതിക്ക് അനുമതിനൽകുന്നതിൽ അഭിപ്രായം തേടി ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയായ ഐ.ആർ.ഡി.എ.ഐ.

ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ പോളിസി തിരഞ്ഞെടുക്കാൻ അവസരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച കരടുപദ്ധതി ഐ.ആർ.ഡി.എ.ഐ. പുറത്തിറക്കി. തേഡ് പാർട്ടി ഇൻഷുറൻസ്, ഓൺ ഡാമേജ് ഇൻഷുറൻസ് എന്നീ രണ്ടുസ്കീമുകളിലും ദീർഘകാല വാഹന ഇൻഷുറൻസ് അവതരിപ്പിക്കുന്നതാണ് പരിശോധിക്കുന്നത്.

രണ്ടുപദ്ധതികളിലും കാലാവധിയനുസരിച്ച് പ്രീമിയം ചേരുന്ന സമയത്ത് തീരുമാനിക്കും. അപകടസാധ്യതകളുടെയും മുൻകാല ക്ലെയിമുകളുടെയും കണക്കുകൾ അടിസ്ഥാനമാക്കി, ദീർഘകാലപദ്ധതിയെന്നനിലയിൽ ഇളവുകൾ നൽകിക്കൊണ്ട് മികച്ച രീതിയിൽ പ്രീമിയം നിശ്ചയിക്കപ്പെടണമെന്നാണ് കരടിൽ നിർദേശിക്കുന്നത്.

നിലവിൽ ഒരുവർഷക്കാലയളവിലുള്ള പോളിസികളിലുള്ള ക്ലെയിം ചെയ്യാത്തതിനുള്ള ബോണസ് ദീർഘകാല പോളിസികൾക്കും ബാധകമാകും. പോളിസി കാലാവധി തീരുമ്പോഴാണ് ബോണസ് കണക്കാക്കാറ്. ദീർഘകാലപോളിസിയിലും ഇതേ രീതിയാണ് പരിഗണിക്കുക.

കാലാവധിയൊന്നാകെയുള്ള പ്രീമിയം തുടക്കത്തിൽ ഈടാക്കും. എന്നാൽ, അതതുവർഷത്തെ പ്രീമിയം തുകയാണ് വരുമാനമായി കമ്പനിക്ക് കാണാനാവുക. ബാക്കിത്തുക പ്രീമിയം നിക്ഷേപം അല്ലെങ്കിൽ മുൻകൂറായുള്ള പ്രീമിയം എന്ന രീതിയിലായിരിക്കും. ഇക്കാര്യങ്ങളിൽ ബന്ധപ്പെട്ടവരുടെ അഭിപ്രായമറിയിക്കാൻ ഡിസംബർ 22 വരെയാണ് സമയമനുവദിച്ചിട്ടുള്ളത്.