തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ നിന്നും വെടിയുണ്ട കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ബസ്സിൽ വെടിയുണ്ട. യാത്രക്കാരിക്ക് കിട്ടിയ വെടിയുണ്ട പൊലീസ് കോടതിയ്ക്ക് കൈമാറി. ഇന്നലെ രാവിലെയാണ് പാപ്പനംകോട് ഡിപ്പോയിലേ ലോ ഫ്ളോർ ബസിന്‍റെ സീറ്റിനടിയിൽ നിന്ന് വെടിയുണ്ട യാത്രക്കാരിക്ക് കിട്ടിയത് . കാലിൽ തടഞ്ഞ ഇരുമ്പ് കഷ്ണം പരിശോധിച്ചപ്പോഴാണ് അതേ ബസിൽ ഉണ്ടായിരുന്ന പൊലീസുകാരൻ വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്.  ബസ് അഞ്ചുതെങ്ങിൻമൂട്ടിൽ എത്തിയപ്പോഴാണ് യാത്രക്കാരി വെടിയുണ്ട കണ്ടക്ടർക്ക് കൈമാറിയത് .കണ്ടക്ടര്‍ വിവരം അറിയിച്ചതിനെതിന് പിന്നാലെ കാട്ടാക്കട പൊലീസെത്തി വെടിയുണ്ട കൈപ്പറ്റി. ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയിൽ കേന്ദ്രസേനകൾ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഇന്ത്യൻ നിർമിത 7.62 എം.എം. വെടിയുണ്ടയാണെന്ന് തിരിച്ചറിഞ്ഞു. പഴയ മോഡൽ വെടിയുണ്ടയാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇത് ആരുടെയെങ്കിലും കൈയിൽ നിന്നും കളഞ്ഞു പോയതാണോ അതോ ഉപേക്ഷിച്ചതാണോ എന്നും കണ്ടെത്താനാകൂവെന്ന് പൊലീസ് അറിയിച്ചു