കല്ലമ്പലം : തെറ്റിക്കുളത്ത് ബി കോം ഒന്നാം വർഷ വിദ്യാർത്ഥിനിയെ ആൺസുഹൃത്ത് കഴുത്തറുത്ത് കൊന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതി ഡിമാൻഡ് ചെയ്തു. വടശ്ശേരിക്കോണം തെറ്റിക്കുളം യു പി സ്കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീത നിവാസിൽ സജീവിന്റെയും ശാലിനിയുടെയും മകൾ സംഗീത (18) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അനുജത്തിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന സംഗീതയെ സുഹൃത്ത് ഫോണിൽ വിളിച്ച് റോഡിലേക്ക് വരുത്തി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സംഗീത നിലവിളിച്ചു കൊണ്ട് ഓടി വീടിന്റെ സിറ്റ്ഔട്ടിൽ വീഴുകയും വാതിലിൽ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഉണർന്നെത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴി മദ്ധ്യേ മരണമടയുകയായിരുന്നു. കൃത്യത്തിനുശേഷം സുഹൃത്ത് സംഗീതയുടെ മൊബൈൽ വഴിയിൽ ഉപേക്ഷിക്കുകയും, കൊലയ്ക്ക് ഉപയോഗിച്ച കത്തി അടുത്ത പുരയിടത്തിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ഇത് രണ്ടും പൊലീസ് കണ്ടെടുത്തു.സംഗീതയുമായി സൗഹൃദത്തിലായിരുന്ന പള്ളിക്കൽ കൊച്ചുകോണം നരിമാത്ത് പുത്തൻ കുന്നും പുറത്തു വീട്ടിൽ ഗോപിയുടെയും ഓമനയുടെയും മകൻ ഗോപു (20) ആണ് സംഗീതയെ അതി ദാരുണമായി കൊലപ്പെടുത്തിയത്. ഇയാളെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ്ചെയ്തു. അടുത്തിടെ സംഗീതയുമായുള്ള സൗഹൃദം ഇരു വീട്ടുകാരുടെയും ഇടപെടലിൽ രമ്യമായി അവസാനിപ്പിക്കുകയും അഖിൽ എന്ന പേരിൽ പുതിയ നമ്പറിൽ വാട്സ്ആപിലൂടെ സംഗീതയുമായി വീണ്ടും സൗഹൃദം ഉണ്ടാക്കുകയും പുലർച്ചെ റോഡിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഹെൽമെറ്റ് ധരിച്ചെത്തിയ അഖിൽ ഗോപു ആണെന്ന് തിരിച്ചറിഞ്ഞ സംഗീത ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടെന്നും ഇതോടെ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കൃത്യം നിർവഹിക്കുകയുമായിരുന്നുവെന്ന് ഗോപു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്ദ്ധർ, ഫോറൻസിക് വിഭാഗം, വർക്കല ഡി വൈ.എസ്.പി നിയാസ് പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എന്നിവർ സംഭവത്തിൽ തെളിവെടുപ്പും അന്വേഷണവും നടത്തി .സംഗീതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.സജിതയാണ് സംഗീതയുടെ അനുജത്തി. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ തടിച്ചു കൂടിയ ജനങ്ങൾ രോഷാകുലരായി. ജോയി എം എൽ എ ജനങ്ങളെ അനുനയിപ്പിച്ചു.