കൊടും കുറ്റവാളി ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി

നേപ്പാള്‍: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി. നേപ്പാള്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് മോചിപ്പിച്ചത്. പ്രായത്തിന്റെ ആനുകൂല്യത്തിലാണ് ശോഭരാജ് പുറത്തിറങ്ങുന്നത്. 2003 മുതല്‍ കാഠ്മണ്ഡുലിലെ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു.

1960കളില്‍ മോഷണത്തില്‍ തുടങ്ങി 1970 കളില്‍ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയല്‍ കില്ലറാണ് ചാള്‍സ് ശോഭരാജ്. 1972നും 1976നും ഇടയില്‍ 24 ഓളം കൊലപാതകങ്ങള്‍ ചാള്‍സ് നടത്തി. കൊല്ലപ്പെട്ടതെല്ലാം ചാള്‍സുമായി സൗഹൃദം പുലര്‍ത്തിയിരുന്നവര്‍ തന്നെ. കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്‌പോര്‍ട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാള്‍സിന്റെ രീതി.

ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്‌നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ശോഭരാജ്. നിരവധി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന ചാള്‍സ് രത്‌നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായും ഒക്കെ വേഷം മാറി. 1976ലാണ് ചാള്‍സ് ആദ്യമായി ജയിലിലായത്. എന്നാല്‍ ജയില്‍ച്ചാടി. പലരാജ്യത്ത് നിന്നും പോലീസുകാരെ വിദഗ്ധമായി പറ്റിച്ച് ചാള്‍സ് മുങ്ങി. ഡല്‍ഹിയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു വിനോദസഞ്ചാരികള്‍ക്ക് വിഷം നല്‍കിയതിനും ഇസ്രയേല്‍ പൗരനെ കൊലപ്പെടുത്തിയതിനും ചാള്‍സ് ശോഭരാജിനും ഭാര്യയ്ക്കുമെതിരെ ഇന്ത്യയില്‍ കേസെടുത്തു.

അറസ്റ്റിലായ ചാള്‍സ് തിഹാര്‍ ജയിലിലായി. തൊട്ടുപിന്നാലെ ജയില്‍ ചാടി. ഒരുമാസത്തിനു ശേഷം വീണ്ടും പിടിയിലായി. പിന്നീട് 1997 വരെ തിഹാര്‍ ജയിലില്‍ തന്നെ കഴിഞ്ഞു. 2003 -ല്‍ നേപ്പാളില്‍ വച്ച് വീണ്ടും അറസ്റ്റിലായി. 1975 -ല്‍ നടത്തിയ ഇരട്ട കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഈ ശിക്ഷ അനുഭവിച്ച് വരവെയാണ് 78 കാരനായ ചാള്‍സിനെ പ്രായാധിക്യം കണക്കിലെടുത്ത് മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രിം കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് പ്രകാരം ചാള്‍സ് ശോഭരാജിനെ നേപ്പാളില്‍ നിന്ന് നാടുകടത്തും. ബിക്കിനി കില്ലറെന്നും ദി സെര്‍പ്പെന്റ്് എന്നുമായിരുന്നു ചാള്‍സിന്റെ വിളിപ്പേരുകള്‍.