ശബരിമല • തീർഥാടകർ ഉടുത്ത വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് പമ്പാനദിയെ മലിനമാക്കുന്നു. ആയിരക്കണക്കിനു തീർഥാടകരാണ് പമ്പാ സ്നാനത്തിനൊപ്പം നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്. ഇതുമൂലം പമ്പാനദി പൂർണമായും മലിനമാകുന്നു. കോളിഫോം ബാക്ടീരിയയുടെ എണ്ണം കൂടുന്നുണ്ട്. ദർശനം കഴിഞ്ഞ് മലയിറങ്ങുന്ന ഇതരസംസ്ഥാനക്കാരായ തീർഥാടകർ പമ്പാ ഗണപതികോവിൽ എത്തി വ്രതം അവസാനിപ്പിച്ച് മാല ഊരും. അതിനു ശേഷമാണ് അവർ പമ്പാ സ്നാനം നടത്തുന്നത്. ഈ സമയത്താണ് നദിയിൽ വസ്ത്രം ഉപേക്ഷിക്കുന്നത്. അങ്ങനെ ഒരു ആചാരമില്ല. ദിവസവും ലോഡ് കണക്കിനു തുണിയാണു നദിയിൽ നിന്നു ശേഖരിക്കുന്നത്.
തീർഥാടകർ സ്നാനത്തിന് ഇറങ്ങുന്നത് 5 കവാടങ്ങളിലൂടെയാണ്.ആർക്കെങ്കിലും വസ്ത്രം ഉപേക്ഷിക്കണമെന്നു തോന്നിയാൽ നദിയിൽ ഇടാതെ കരയിൽ അവ തള്ളാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അവിടെ ആരും ഇടുന്നില്ല. പകരം കുളിക്കുന്നതിനിടെ നദിയിൽ ഉപേക്ഷിക്കുകയാണ്. അതിനാൽ തടയാനും കഴിയുന്നില്ല. ഇത് അനാചാരം ആണെന്നും പാടില്ലെന്നും സന്നദ്ധ പ്രവർത്തകർ അറിയിക്കുന്നുണ്ട്. ആരും കേൾക്കുന്നില്ല. ഭാഷയും വലിയ പ്രശ്നമാണ്. പറയുന്നത് അവർക്കു മനസ്സിലാകുന്നില്ല.പമ്പാനദിയുടെ അടിത്തട്ട് മുഴുവൻ വസ്ത്രങ്ങൾ കൊണ്ട് നിറഞ്ഞു. നദിയിലേക്ക് ഇറങ്ങിയാൽ ഇപ്പോൾ കാൽ വസ്ത്രങ്ങളിൽ പുതയുകയാണ്.ഇടയ്ക്കിടെ ഒന്നു രണ്ട് നല്ല മഴ കിട്ടിയെങ്കിലും നദിയിൽ ഒഴുക്ക് കുറഞ്ഞു.
ജലസേചന വിഭാഗം പല സ്ഥലങ്ങളിൽ തടയണ കെട്ടി വെള്ളം തടഞ്ഞു നിർത്തിയാണ് പുണ്യ സ്നാനത്തിന് അവസരം ഒരുക്കിയിട്ടുള്ളത്.ത്രിവേണി വലിയ പാലത്തിനു മുകൾഭാഗത്ത് കക്കിയാറ്, ത്രിവേണി വലിയ പാലം ചെറിയ പാലം, ആറാട്ട് കടവ് എന്നിവിടങ്ങളിലാണു തടയണ കെട്ടിയിട്ടുള്ളത്. തീർഥാടകർ നദിയിൽ ഉപേക്ഷിക്കുന്ന തുണികൾ സംഭരിക്കാൻ ദേവസ്വം ബോർഡ് കരാർ നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡിനു ലക്ഷങ്ങൾ നൽകിയാണ് ഇതിനുള്ള കുത്തകാവകാശം എടുത്തിട്ടുള്ളത്. ഇവിടെ നിന്നു കിട്ടുന്ന കൈലി, ഷർട്ട് തുടങ്ങി എല്ലാം ഉണങ്ങി തമിഴ്നാട്ടിലേക്കാണ് കൊണ്ടുപോകുന്നത്. അയ്യപ്പന്മാർ ഉപേക്ഷിക്കുന്ന തുണികൾ എല്ലാം ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിച്ചതാണ്. അതിനാൽ തമിഴ്നാട്ടിൽ കൊണ്ടുപോയി പശമുക്കി വീണ്ടും ഉണക്കി തേച്ച് പായ്ക്കറ്റുകളിൽ നിറച്ചു വിൽക്കുകയാണ്.