അത്ഭുതപ്പെടുത്തുന്ന പ്രവചനവുമായി ആറാം ക്ലാസുകാരി, നിശ്ചിത സമയവും ഷൂട്ടൗട്ടും കൃത്യമായി പ്രവചിച്ചു

കോഴിക്കോട്: ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ പോരാട്ടമായിരുന്നു ലോകകപ്പിന്റെ ഫൈനൽ മത്സരം. സ്‌കോർ നില മാറി മറിഞ്ഞപ്പോൾ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു ആരാധകർ. ദിനപത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉൾപ്പെടെ ലോകകപ്പ് കിരീടം ആരു മുത്തമിടും എന്ന് സംബന്ധിച്ച് നിരവധി പ്രവചന മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. പലരുടെയും പ്രവചന ഫലം മാറിമറിഞ്ഞ ദിവസമായിരുന്നു ഇന്നലെ. എന്നാൽ ഫൈനൽ മത്സരഫലം കൃത്യമായി പ്രവചിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു ആറാം ക്ലാസുകാരി. കോഴിക്കോട് നടുവണ്ണൂർ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആയിഷ ഐഫയാണ് ഫലം കൃത്യമായി പ്രവചിച്ചത്.

സ്‌കൂളിൽ നടന്ന പ്രവചന മത്സരത്തിലായിരുന്നു ഐഫയുടെ പ്രവചനം. ഒരാളും കൃത്യമായി പ്രവചിക്കില്ലെന്ന് കരുതി ഷൂട്ടൗട്ടിലെ സ്‌കോറായ 4-2 ഉത്തരമായി പരിഗണിക്കാമെന്നായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ എല്ലാ കണക്കൂകൂട്ടലുകളും അപ്രസക്തമാക്കിയായിരുന്നു ആയിഷയുടെ പ്രവചനം.

എക്സ്ട്രാ ടൈമിൽ ഉൾപ്പെടെ അർജൻറീനയും ഫ്രാൻസും ടീമുകൾ മൂന്ന് വീതം ഗോളുകൾ 3-3 നേടുകയും പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് അർജൻറീന ജയിക്കുമെന്നാണ് സ്കൂളിൽ സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ ബോക്സിൽ വെള്ളിയാഴ്ച എഴുതി ഇട്ടത്. ഇന്നലെ ഫൈനൽ കഴിഞ്ഞ് ബോക്സ് പൊട്ടിച്ചു നോക്കിയാണ് ആയിഷയെ വിജയിയായി പ്രഖ്യാപിച്ചത്.

“അർജന്റീന ആരാധികയാണ് ആയിഷ. രണ്ടും മികച്ച ടീമുകളായതുകൊണ്ടാണ് ഇത്തരത്തിൽ പ്രവചിച്ചതെന്ന് ആയിഷ പറഞ്ഞു.”