മൊറോക്കോയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് സ്പെയിന്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പുറത്ത്

ദോഹ: ഖത്തർ ലോകകപ്പിന്‍റെ പ്രീ ക്വാർട്ടറില്‍ സ്പെയിന് മടക്ക ടിക്കറ്റ് നല്‍കി മൊറോക്കോ മാജിക്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് വിജയിച്ചാണ് മൊറോക്കോ ക്വാർട്ടറിലേക്ക് മാർച്ച് പാസ്റ്റ് ചെയ്തത്. ഫിഫ ലോകകപ്പിന്‍റെ പ്രീ ക്വാർട്ടറില്‍ സ്പെയിന്‍റെ കുറിയ പാസുകള്‍ക്ക് പ്രത്യാക്രമണത്തിലൂടെയും ഗോളിയിലൂടേയും മൊറോക്കോ മറുപടി കൊടുത്തതോടെയാണ് മത്സരം എക്സ്ട്രാ ടൈമും പിന്നിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഗോളില്ലാ ആദ്യപകുതി

മൊറോക്കോ-സ്പെയിന്‍ ആവേശ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. സ്പെയിന്‍ പാസിംഗിലൂന്നി കളിച്ചപ്പോള്‍ കൗണ്ടറുകളിലൂടെയായിരുന്നു മൊറോക്കോയുടെ ശ്രമങ്ങളെല്ലാം. ഇരു ടീമുകളും 4-3-3 ശൈലിയില്‍ മൈതാനത്തെത്തിയപ്പോള്‍ തുടക്കത്തിലെ മത്സരം കടുത്തു. ഡാനി ഓല്‍മോയും മാർക്കോ അസെന്‍സിയോയും ഫെരാന്‍ ടോറസും സ്പെയിനിനായും ഹക്കീം സിയെച്ചും സൊഫൈന്‍ ബൗഫലും യൂസെഫ് എന്‍ നെസ്‍യിരിയും മൊറോക്കോയ്ക്കായും ആക്രമണം നയിക്കാനിറങ്ങി. സ്പെയിന്‍റെ മധ്യനിര പെഡ്രി-ബുസ്കറ്റ്സ്-ഗാവി ത്രയം കയ്യടക്കിയതോടെ മത്സരത്തില്‍ പന്തടക്കം സ്‍പാനിഷ് കാലുകളില്‍ തൂങ്ങിനിന്നു. 

പക്ഷേ അതൊന്നും അവസരങ്ങള്‍ വഴിതുറക്കുന്നതിലേക്ക് നീക്കങ്ങളെ എത്തിച്ചില്ല. 25-ാം മിനുറ്റില്‍ ഓഫ്സൈഡ് എങ്കിലും ഗാവിയുടെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചു. 33-ാം മിനുറ്റില്‍ മൊറോക്കോ താരം സരൗരിയുടെ ഗോളെന്നുറച്ച ഷോട്ട് സ്പാനിഷ് ഗോളി തടുത്തു. 42-ാം മിനുറ്റില്‍ ഫ്രീകിക്കിനൊടുവില്‍ ലീഡ് നേടാന്‍ ലഭിച്ച സുവർണാവസരം മുതലാക്കാന്‍ മൊറോക്കോയുടെ ബൗഫലിന് സാധിക്കാതെ പോയി. പിന്നാലെ ടോറസിന്‍റെ മുന്നേറ്റം ഗോളിലേക്ക് എത്തിയില്ല. ക്ലോസ് ടു ക്ലോസ്

രണ്ടാംപകുതിയിലേക്ക് എത്തിയപ്പോള്‍ ഇരു ടീമുകളും ആക്രമണത്തിന്‍റെ വേഗം കൂട്ടി. പക്ഷേ ഗോള്‍ മാറിനിന്നു. ഗാവിയെയും അസെന്‍സിയോയേയും പിന്‍വലിച്ച് ലൂയിസ് എന്‍‍റിക്വ അടവുകള്‍ മാറ്റിയെങ്കിലും പ്രയോജനമുണ്ടായില്ല. സ്പെയിനെ വിറപ്പിച്ചൊരു മുന്നേറ്റം 50-ാം മിനുറ്റില്‍ മൊറോക്കയുടെ ഭാഗത്തുനിന്നുണ്ടായി. ഇഞ്ചുറിടൈമിന്‍റെ അവസാന മിനുറ്റില്‍ വമ്പനൊരു ഫ്രീകിക്ക് മൊറോക്കോന്‍ ഗോളി തടഞ്ഞത് നിർണായകമായി. എക്സ്ട്രാ ടൈമിലും മൊറോക്കോ സുവർണാവസരം പാഴാക്കി. അന്‍സു ഫാറ്റി എത്തിയെങ്കിലും സ്പാനിഷ് ആക്രമണത്തിന് മൂർച്ച പോരായിരുന്നു. അധികസമയത്തിന്‍റെ ഇഞ്ചുറിടൈമില്‍ സറാബിയയുടെ ഷോട്ട് ബാറില്‍ത്തട്ടിത്തെറിച്ചു. 

ഷൂട്ടൗട്ട്

ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത സബീരി സ്പാനിഷ് ഗോളിയെ മറികടന്നു. മറുപടിയില്‍ സറാബിയയുടെ ആദ്യ കിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചു. മൊറോക്കോയ്ക്കായി രണ്ടാം കിക്ക് സിയെച്ച് വലയിലാക്കിയപ്പോള്‍ സ്പെയിനായി കാർലോസ് സൊലേ എടുത്ത കിക്ക് ഗോളി തടുത്തു. മൊറോക്കോയുടെ നാലാം കിക്ക് സിമോണ്‍ തടുത്തു. സ്പാനിഷ് ക്യാപ്റ്റന്‍ സെർജിയോ ബുസ്കറ്റ്സ് എടുത്ത ഷോട്ട് ഗോളിയില്‍ തട്ടി നിന്നു. ഹക്കീമിയുടെ ഷോട്ട് വലയിലെത്തിയതോടെ മൊറോക്കോ ക്വാർട്ടറിലെത്തി. 

മൊറോക്കോ സ്റ്റാർട്ടിംഗ് ഇലവന്‍: Bounou, Hakimi, Aguerd, Saiss, Mazraoui, Ounahi, Amrabat, Amallah, Ziyech, En-Nesyri, Boufal.

സ്പെയിന്‍ സ്റ്റാർട്ടിംഗ് ഇലവന്‍: Simon, Llorente, Rodri, Laporte, Jordi Alba, Gavi, Busquets, Gonzalez, Ferran Torres, Asensio, Olmo.