മലയാള ചലച്ചിത്ര അഭിനേതാവും കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന നടനുമാണ് കെഎസ് പ്രേംകുമാർ എന്നറിയപ്പെടുന്ന കൊച്ചുപ്രേമൻ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെഎസ് പ്രേംകുമാർ എന്നതാണ് ശരിയായ പേര്.
1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. പിന്നീട് 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. ഇതിനിടയിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് കൊച്ചുപ്രേമൻ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.
സിനിമ നടൻ എന്ന ലേബൽ തന്ന ചിത്രമാണ് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നാണ് കൊച്ചുപ്രേമൻ്റെ അഭിപ്രായം. കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ൽ റിലീസായ ലീല എന്ന ചിത്രത്തിൽ കൊച്ചുപ്രേമൻ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമർശനങ്ങൾക്കിടയാക്കി. പക്ഷേ ആ വിമർശനങ്ങളെ കൊച്ചുപ്രേമൻ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകർ നൽകിയ അംഗീകാരമായിട്ടാണ്. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. ഒരു മകനാണ് അവർക്കുള്ളത്. പേര് ഹരികൃഷ്ണൻ.